രാജ്യത്തെ 48.7 കോടി ജനങ്ങളുടെ ശമ്പളദിനമാണ് നാളെ. നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ റദ്ദാക്കല്‍ നടപടി രാജ്യത്തെ ധനഅടിയന്തിരാവസ്ഥയിലേക്കെത്തിക്കുമെന്ന പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള തുഗ്ലക്കിയന്‍ തീരുമാനങ്ങളാണ് ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം തടയാനും കറന്‍സിരഹിത സമൂഹം സൃഷ്ടിക്കാനുമാണ് നടപടിയെന്നുപറയുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് എന്തുചെയ്യാന്‍ കഴിയുമെന്ന് പറയുന്നില്ല. പ്രധാനമന്ത്രിയാകട്ടെ പാര്‍ലമെന്റിനെ പോലും വകവെക്കാതെ വിദേശത്ത് പോയി പീപ്പി ഊതിയും തെരഞ്ഞെടുപ്പുറാലികളില്‍ പ്രതിപക്ഷത്തെ പരിഹസിച്ചും ഒളിച്ചുനടക്കുന്നു. പണനിയന്ത്രണത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രബാങ്കിന്റെ തലവന്റെ വായ അടക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 16ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായി പ്രതിഷേധത്തില്‍ മുടങ്ങുകയാണ്. രാജ്യത്ത് തിങ്കളാഴ്ച നടന്ന പ്രതിഷേധങ്ങളൊന്നും ബാധകമല്ലെന്ന മട്ടില്‍ കണ്ണും മൂക്കുമില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുകയാണ് നരേന്ദ്രദാമോദര്‍ദാസ് മോദി.
ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ക്കുപകരം പുതിയവ ബാങ്കുകളില്‍ നിന്നും തപാലാപ്പീസുകളില്‍ നിന്നും കൊടുത്തുമാറാമെന്ന അറിയിപ്പ് നാളുകള്‍ക്കുള്ളില്‍ പിന്‍വലിക്കപ്പെട്ടു. അക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ എന്നാക്കി. എ.ടി.എമ്മുകളില്‍ നിന്ന് നാലായിരം എന്നത് രണ്ടായിരമായി ചുരുക്കി. ഇന്നലെമുതല്‍ നിക്ഷേപിക്കുന്ന തുക മുഴുവന്‍ പിന്‍വലിക്കാമെന്നുപറയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ പഴയ നിക്ഷേപം തടഞ്ഞുവെക്കുമെന്നാണ് വ്യംഗ്യമായി പ്രഖ്യാപിക്കുന്നത്. ജനങ്ങളുടെ പണം നഷ്ടപ്പെടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു മുഖമാണ് ഇവിടെ കാണാനാവുന്നത്. രാജ്യത്താകെ തൊഴില്‍ നഷ്ടവും പണമില്ലായ്മയും മൂലം പാവപ്പെട്ടവരും ഇടത്തരക്കാരും നട്ടം തിരിയുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ല. അക്കൗണ്ട് പോലുമില്ലാത്ത പാവപ്പെട്ടവരുടെ എണ്ണം കോടികള്‍ വരും. കേരളത്തില്‍ മൂന്നുപേരടക്കം രാജ്യത്ത്് എഴുപതോളം പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായിട്ടും പണം ലഭിക്കാതായ കോഴിക്കോട് പേരാമ്പ്രയിലെ രണ്ടുബാങ്കുകളില്‍ ഉപഭോക്താക്കള്‍ ഷട്ടറിട്ട് പ്രതിഷേധിക്കുകയുണ്ടായി. രാജ്യത്തെ ജനങ്ങള്‍ക്ക് പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അഴിമതിയില്‍ കടുത്ത നിരാശയുണ്ടെന്നതാണ് അവര്‍ ഇതെല്ലാം സഹിക്കുന്നതിന് കാരണം. എന്നാലിതിനെ അവരുടെ ക്ഷമ പരീക്ഷിക്കാനുള്ള അവസരമായി കാണരുത്.
ഒറ്റയടിക്കാണ് രാജ്യത്തെ 86 ശതമാനം കറന്‍സി -ഏതാണ്ട് 16 ലക്ഷം കോടി രൂപ-സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനുപകരം ഇതുവരെ ബാങ്കുകളിലെത്തിച്ചത് ഒന്നരലക്ഷം കോടി രൂപയും. രണ്ടായിരത്തിന്റെ നോട്ടുകളാണ് കഴിഞ്ഞ മൂന്നാഴ്ചയായി പല ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തിയിട്ടുള്ളൂ. അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകളുടെ ലഭ്യതയുമില്ലാതായതോടെ പാവങ്ങളാണ് വെട്ടിലായിരിക്കുന്നത്. ഒരുകടയില്‍ നിന്ന് രണ്ടായിരം രൂപക്ക് മുഴുവനായും സാധനങ്ങള്‍ വാങ്ങാന്‍ സാധാരണകുടുംബത്തിനാവില്ല. രാജ്യത്തെ നാല് പ്രസുകളിലായി മൂന്നുഷിഫ്റ്റായി നോട്ട് അച്ചടിച്ചാല്‍ തന്നെ എട്ടുമാസമെങ്കിലും വേണം മുഴുവന്‍ നോട്ടുകളും അടിച്ചുതീരാന്‍. ഇതിനര്‍ഥം രാജ്യം സാധാരണനിലയിലേക്ക് മടങ്ങാന്‍ ഇത്രയും കാലമെടുക്കുമെന്നാണ്. ഇപ്പോള്‍ തന്നെ 24000 ത്തിന് പകരം പതിനായിരവും മറ്റും നല്‍കി സമാധാനിപ്പിച്ചയക്കുകയാണ് ബാങ്കുകള്‍. വടക്കന്‍ സംസ്ഥാനങ്ങളില്‍ പകുതിയോളം പേര്‍ക്കേ ബാങ്ക് അക്കൗണ്ടുള്ളൂ എന്നതിനാല്‍ അവരുടെ ദുരിതം പതിന്മടങ്ങാണ്.
ഇതിനകം രാജ്യത്ത് അംസഘടിത മേഖലയില്‍ ഏതാണ്ട് നാലുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് സ്വാഭാവികമായും സര്‍ക്കാരുകളുടെ നികുതിവരുമാനത്തിലും പ്രതിഫലിച്ചു. മിക്കസംസ്ഥാനങ്ങളും സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ നികുതി വരുമാനത്തില്‍ മുപ്പത് ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് നടപ്പുവര്‍ഷത്തെ ബജറ്റില്‍ 35 ശതമാനത്തിന്റെ കുറവ് വരുത്തേണ്ടുവരും. ലോട്ടറിയില്‍ നിന്നുള്ള ദിവസനികുതിവരുമാനം 28ല്‍ നിന്ന് എട്ടുകോടിയായി ചുരുങ്ങി. വാണിജ്യ, ബിവറിജസ് നികുതി, രജിസ്‌ട്രേഷന്‍ വരുമാനവും മൂന്നിലൊന്നായി. ശമ്പളം, പെന്‍ഷന്‍ ഇനത്തില്‍ അഞ്ചരലക്ഷം പേര്‍ക്കായി കേരളസര്‍ക്കാരിന് 3100 കോടി രൂപ നാളെ മാത്രം വേണം. ഇത് ലഭിച്ചാല്‍ തന്നെ ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ പിന്‍വലിക്കാന്‍ ജനം ബുദ്ധിമുട്ടും. വാടക, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങിയവക്കായി എഴുപത് ശതമാനം ശമ്പളവും പിന്‍വലിക്കുകയാണ് പതിവ്. ഇതോടെ പൊതുവെ പ്രതിസന്ധിയിലായ വ്യാപാരികളും കൂടുതല്‍ പ്രയാസത്തിലാകും. എണ്‍പത് ശതമാനം പെന്‍ഷന്‍കാരും ബാങ്കുകളിലൂടെയാണ് പണം പിന്‍വലിക്കുന്നത്. നിത്യദാന ചെലവുകള്‍ നിര്‍വഹിക്കുന്നത് അവര്‍ ഇതിലൂടെയാണ്. വ്യാപാരസ്ഥാപനങ്ങള്‍ ഈ മാസത്തെ ശമ്പളം അക്കൗണ്ടുകളിലൂടെ നല്‍കണമെന്നാണ് തൊഴില്‍വകുപ്പിന്റെ അറിയിപ്പ്. കേരളത്തിലെ തോട്ടം, കശുവണ്ടി, കയര്‍, കാര്‍ഷിക മേഖലയൊക്കെ ഏതാണ്ട് നിശ്്ചലമാണ്. സംസ്ഥാനത്തെ കര്‍ഷകരും ഇടത്തരക്കാരുമടക്കം പകുതിയോളം പേര്‍ ആശ്രയിക്കുന്ന സഹകരണമേഖലയെ കേന്ദ്രം തഴഞ്ഞിരിക്കുന്നു. കേരളത്തിലുള്ള കാല്‍കോടി ഇതരസംസ്ഥാനതൊഴിലാളികളില്‍ പലരും പണിയും പണവുമില്ലാതെ നാടുവിട്ടുകഴിഞ്ഞു. നിര്‍മാണമേഖല ഇതോടെ പൂര്‍ണമായി സ്തംഭിച്ചു. ഇവരുടെ കുടുംബങ്ങളില്‍ തീ പുകയുന്നത് ഈ കൂലികൊണ്ടാണ്. ഹോട്ടലുകളിലും ആളുകളെ പിരിച്ചുവിടുകയാണ്. നടീല്‍ കാലമായതിനാല്‍ നെല്‍കൃഷിമേഖലയില്‍ കൂലികൊടുക്കാന്‍ ചില്ലറ നോട്ടുകള്‍ തന്നെ വേണം. കടുത്ത അശാന്തിയാണ് ഈ രംഗത്തുമുള്ളത്.
പറഞ്ഞതെല്ലാം ഓരോ നിമിഷവും വിഴുങ്ങുന്ന നരേന്ദ്രമോദി രാഷ്ട്രീയഅടിയന്തിരാവസ്ഥക്കായി ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണനെപോലുള്ളവര്‍ സംശയിക്കുന്നത്. ആവശ്യത്തിന് പണമില്ലാതെ ഇടത്തരക്കാരുടെ വരുമാനം മുടങ്ങിയാല്‍ അവരെങ്ങനെ പ്രതികരിക്കുമെന്നത് ഊഹിക്കാനാവില്ല. പലരാജ്യങ്ങളിലും വന്‍പ്രക്ഷോഭങ്ങള്‍ക്കുപിന്നില്‍ പാവപ്പെട്ടവരേക്കാള്‍ ഇടത്തരക്കാരാണെന്നത് മോദി മറന്നുപോകരുത്. വിവിധ തെരഞ്ഞെടുപ്പുകളില്‍ അതാത് സര്‍ക്കാരുകള്‍ക്ക് അനുകൂലമായ നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചുകാണുന്നതെന്നതിനെ സര്‍ക്കാര്‍ നടപടിക്കുള്ള പച്ചക്കൊടിയായി കാണുകയുമരുത്.