തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനം നേരിടുന്ന അതീവഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ നിയമറവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനദുരന്ത നിവാരണ അതോറിട്ടിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം. സംസ്ഥാനത്ത് ഇടവപ്പാതിയില്‍ 34 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 69ശതമാനത്തിന്റെയും കുറവുണ്ടായത് ജനജീവിതത്തെ ബാധിക്കുന്ന രീതിയില്‍ വരള്‍ച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് കേരളത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ച ഗുരുതരമായി തുടരുകയാണെങ്കില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് മെമ്മോറാണ്ടം നല്‍കുന്നതിന് ദുരിതാശ്വാസ കമ്മീഷണറെയും സര്‍ക്കാര്‍ ചുമലപ്പെടുത്തി.

വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ച് കൊണ്ട് വിജ്ഞാപനം ചെയ്യാനും കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചാ പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇറക്കാന്‍ ദുരന്തനിവാരണവകുപ്പിനെയും ചുമതലപ്പെടുത്തി. സംസ്ഥാനദുരന്തപ്രതികരണ നിധിയില്‍ 2017 ജനുവരി വരെയുള്ള ചെലവ് പരിഗണിച്ചായിരിക്കും കേന്ദ്രദുരന്ത പ്രതികരണനിധിയില്‍ നിന്നും സഹായം തേടുക. സംസ്ഥാനത്തെ വരള്‍ച്ചാഭീഷണി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 28 ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ചില തീരുമാനങ്ങളെടുത്തു. വരള്‍ച്ചാബാധിത പ്രദേശങ്ങളിലെ കര്‍ഷകവായ്പകകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് ധനകൃഷിവകുപ്പുകള്‍ ചര്‍ച്ച ചെയ്ത് സംസ്ഥാനതലബാങ്കേഴ്‌സ് സമിതിയുടെ യോഗം ചേര്‍ന്ന് നടപടിയെടുക്കണം.

ജില്ലകളിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രിതല യോഗം റവന്യുമന്ത്രിയും കൃഷിമന്ത്രിയും വിളിച്ചു ചേര്‍ക്കും. ജില്ലാകലക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലിയിരുത്താന്‍ ചീഫ് സെക്രട്ടറി എല്ലാ ആഴ്ചയിലും വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. മണ്ഡലാടിസ്ഥാനത്തിലുള്ള യോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിവേദനം നല്‍കും. ഒക്‌ടോബര്‍ 13ന് ചേര്‍ന്ന യോഗത്തിലും ഇക്കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ജലത്തിന്റെ അനാവശ്യഉപയോഗം നിയന്ത്രിക്കുക, വെള്ളം ഉപയോഗിക്കുന്നതിന് മുന്‍ഗണനാക്രമം പാലിക്കുക, കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുക, ടാങ്കറില്‍ വെള്ളം എത്തിക്കുക, തുടങ്ങി 26 ഇന നിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കലക്ടര്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി.

കുടിവെള്ള പൈപ്പ് റോഡില്‍ സ്ഥാപിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാറിനെ നേരിട്ട് കണ്ട് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും സഹായത്തിന് അപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രസംഘം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടി കണക്കിലെടുത്ത് പ്രതിപക്ഷം വാക്കൗട്ട് ഉപേക്ഷിച്ചു.