തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള സമരത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.മുരളീധരന്‍ എം.എല്‍.എയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചയില്‍ മാനേജ്‌മെന്റിന് വേണ്ടി വാദിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് പ്രബുദ്ധ കേരളത്തിന് നാണക്കേടാണ്. സര്‍ക്കാറിന്റെ ധിക്കാരപരമായ നിലപാടാണ് സമരം നീണ്ടുപോകുന്നതിന് കാരണം. വിജയം കാണുന്നതുവരെ സമരം തുടരും. സര്‍ക്കാര്‍ തെറ്റുതിരുത്തി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങള്‍ വളരെ ഗൗരവമുള്ളവയാണെന്നും കെ.പി.എ മജീദ് പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ് ഹംസയും ഒപ്പമുണ്ടായിരുന്നു.