സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം പൂക്കളമിടരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഓണമാഘോഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഡല്‍ഹിയിലേക്കു പോവുകയാണെന്നു ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
 
പോസ്റ്റിന്റെ പൂര്‍ണ രൂപം:
 
അറിഞ്ഞില്ലേ വിശേഷം. ഓണത്തിന് സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ജീവനക്കാര്‍ പൂക്കളമിടരുതെന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ ലക്ഷങ്ങള്‍ മുടക്കി പ്രവൃത്തി ദിവസം ഓണാഘോഷം നടത്താന്‍ പോവുകയാണ്.
 
മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍പടയാണ് സര്‍ക്കാര്‍ ചിലവില്‍ ആഘോഷത്തിനെത്തുന്നത്. സെപ്റ്റംബര്‍ മൂന്നിനാണ് പരിപാടി. കുടുംബസമേതമാണ് ആഘോഷം. സര്‍ക്കാര്‍ ഓഫീസുകളില്‍ അത്തപ്പൂക്കളം പാടില്ലെങ്കിലും അവിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ പൂക്കളമിടുന്നുണ്ട്. പുറമെ വിഭവ സമൃദ്ധമായ ഓണസദ്യയും. മുഖ്യമന്ത്രിക്ക് പ്രവൃത്തി സമയത്ത് പൂക്കളമിടാം. ആഘോഷിക്കാം. പാവപ്പെട്ട ജീവനക്കാര്‍ക്ക് പാടില്ല. അതാണ് വൈരുദ്ധ്യാത്മക സിദ്ധാന്തം.