സി.കെ സുബൈര്‍

ഇന്ത്യയെന്ന മഹോന്നത സങ്കല്‍പ്പത്തിന്റെ അടിസ്ഥാനശില നിര്‍വചിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഭരണഘടനയിലാണ്. നിരവധി സംസ്‌കാരങ്ങളാലും ഭാഷകളാലും വൈവിധ്യമാര്‍ന്ന ജീവിത രീതികളാലും സമ്പന്നമായ നാടിന്റെ അന്തസത്ത വ്യത്യസ്തതകളുടെ സഹവര്‍തിത്വം ഉദ്‌ഘോഷിക്കുന്നു. കൊളോണിയല്‍ ഭരണ നെറികേടുകള്‍ മുറിവേല്‍പ്പിച്ച ഇന്ത്യയുടെ പൊതുമനസ്സിനെ മാനവികതയിലൂന്നിയ രാഷ്ട്ര നിര്‍മിതിക്ക് പ്രാപ്തമാക്കിയത് വര്‍ഷങ്ങള്‍ നീണ്ട അധിനിവേശ പ്രതിരോധത്തില്‍ നിന്നുമാര്‍ജിച്ചെടുത്ത ഊര്‍ജ്ജമാണ്. സ്വാതന്ത്ര്യസമരത്തിന്റെ നിണമണിഞ്ഞ ചരിത്രത്തില്‍ സര്‍വം സമര്‍പ്പിച്ച ജനവിഭാഗങ്ങള്‍ വരും തലമുറകളുടെ ആത്മാഭിമാനത്തോടെയുള്ള നിലനില്‍പ്പിനാണു പ്രാര്‍ത്ഥിച്ചത്, പ്രവര്‍ത്തിച്ചത്. അതുകൊണ്ടു തന്നെയാണ് ഭരണഘടനാ ശില്‍പികള്‍ വ്യക്തി സ്വാതന്ത്ര്യവും തുല്യാവകാശവും രാഷ്ട്രത്തിന്റെ ജീവവായുവായി പ്രഖ്യാപിച്ചത്. മത സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നാം ഇന്ത്യയെന്ന പുന്തോട്ടത്തെ ലോകത്തിനു തന്നെ മാതൃകയായി ഉയര്‍ത്തിക്കാട്ടി. രാജ്യാഭിമാനം പൗരന്റെ ആത്മാഭിമാനവുമായി ബന്ധം പുലര്‍ത്തുന്നു. ഭരണഘടനയുടെ ആത്മസത്ത അക്രമിക്കപ്പെടുന്നത് രാജ്യത്തെ ഓരോ പൗരന്റെയും ആത്മാഭിമാനത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. ഗോമാത രാഷ്ട്രീയത്തിന്റെ മറവില്‍ മനുഷ്യരെ കൊന്നു കെട്ടിത്തൂക്കപ്പെടുമ്പോള്‍ അവമതിക്കപ്പെടുന്നത് രാജ്യമാണ്, ഓരോ പൗരന്റെയും ആത്മാഭിമാനമാണ്. രാജ്യശത്രുക്കള്‍ എല്ലാ കാലത്തും ഇന്ത്യയുടെ സാമൂഹ്യ മുന്നേറ്റത്തെ തകര്‍ക്കാനും അരാജകത്വ വിധ്വംസക വ്യവസ്ഥിതിയെ പ്രതിഷ്ഠിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള സര്‍വണ്ണ അധീശത്വത്തിന്റെ കടക്കല്‍ കത്തിവച്ചു കൊണ്ടാണ് ഡോ. ഭീംറാവു അംബേദ്കര്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമം വഴി നിരോധിക്കപ്പെട്ടതും പൗരന്മാരല്ലാം തുല്യരാണന്ന് പ്രഖ്യാപിക്കപ്പെട്ടതും തെല്ലൊന്നുമല്ല സവര്‍ണ ശക്തികളെ പ്രകോപിപ്പിച്ചത്. ഈ ശക്തികള്‍ തന്നെയാണ് മുസ്‌ലിം ജന വിഭാഗത്തെ അപരന്‍മാരായി മാറ്റി നിര്‍ത്തി വംശീയ ഉന്മൂലനത്തിനുള്ള സിദ്ധാന്തങ്ങള്‍ ചമച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ ആനുകൂല്യങ്ങളാല്‍ തടിച്ചുകൊഴുത്തവര്‍ രാജ്യാഭിമാനത്തിനുള്ള പോരാട്ടത്തില്‍ എല്ലാം പരിത്യജിച്ച മുസ്‌ലിം ജനവിഭാഗത്തെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നതിനും കാലം സാക്ഷിയായി. എന്നാല്‍ ഡല്‍ഹിയും കാണ്‍പൂരും ലക്‌നൗവും മലബാറുമൊക്കെ ചരിത്ര സ്മാരകങ്ങളായി രാജ്യത്തെ മുസ്‌ലിമിന്റെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ കഥ പറയുമ്പോള്‍ സംഘപരിവാരം വാര്‍ത്തെടുക്കുന്ന കള്ളത്തരങ്ങള്‍ക്ക് അധിക കാലം നില നില്‍ക്കാനാവില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തപ്പെട്ട ശേഷം ഡല്‍ഹി പട്ടണത്തിലെ മുസ്‌ലിം സാന്നിധ്യത്തിന് ഔദ്യോഗിക നിരോധനം പോലും കൊണ്ടുവരപ്പെട്ടു എന്നത് ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഒരു ജനതയോടുള്ള വെറുപ്പിന്റെ ആഴം വിളിച്ചോതുന്നു. ബഹദൂര്‍ഷാ സഫറും ഭക്ത് ഖാനും മീര്‍സാ മുഗളുമൊക്കെ തിരസ്‌കരിക്കപ്പെടുകയും സവര്‍ക്കറും ഹെഡ്‌ഗേവാറുമൊക്കെ ആരാധിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് രാജ്യം ചെന്നെത്തിയെങ്കില്‍ അതിലടങ്ങിയ ദുസ്സൂചനകള്‍ രാജ്യത്തെ ചിന്തിക്കുന്ന യൗവനം തിരിച്ചറിയണം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് സ്വമേധയാ മാപ്പപേക്ഷ നല്‍കി ജയില്‍ മോചനം നേടിയ സവര്‍ക്കറും സ്വാതന്ത്ര്യ സമരത്തിന് പോകാനൊരുങ്ങിയവരെ പിന്തിരിപ്പിച്ച ഹെഡ്‌ഗേവാറും പ്രതിനിധാനം ചെയ്യുന്നത് രാജ്യസ്‌നേഹമോ രാഷ്ട്ര സേവനമോ അല്ലെന്ന തിരിച്ചറിവന് ഇനിയും വൈകിക്കൂടാ. പൗരന്റെ നിലനില്‍പ്പിനോളം പ്രാധാന്യമേറിയ കാര്യമാണ് വിശ്വസിക്കുന്ന അചാരനുഷ്ഠാനങ്ങളെ ജീവിതത്തില്‍ പകര്‍ത്താനുള്ള അവസ്ഥയുണ്ടാവുക എന്നത്. ആരാധനാ സ്വാതന്ത്ര്യവും രാഷ്ട്ര നിര്‍മിതിയും വേര്‍പിരിക്കാന്‍ കഴിയാത്തവിധം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഇവിടെയാണ് സഹവര്‍ത്തിത്വത്തിന്റെ ഇന്ത്യന്‍ മാതൃക അന്വര്‍ത്ഥമാകുന്നത്. ഗംഗാ-യുമന തഹ്‌സീബ് (സംസ്‌കാരം) പ്രതിനിധാനം ചെയ്യുന്നതും വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയത്തെയാണ്. എന്നാല്‍ പശ്ചിമ യു.പിയിലെ ശാമില്‍, മുസാഫര്‍ നഗര്‍ ജില്ലകളില്‍ ഹോമിക്കപ്പെട്ട ജീവനുകള്‍ സഹവര്‍ത്തിത്വത്തിന്റെ പാരമ്പര്യത്തെയാണ് വെല്ലുവിളിക്കുന്നത്. സംഘപരിവാര രാഷ്ട്രീയ സാമൂഹ്യ അജണ്ടയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് രാജ്യത്തെ മുസ്‌ലിംകളല്ല, മറിച്ച് രാഷ്ട്ര ശില്‍പ്പികള്‍ സ്വപ്‌നം കണ്ട സമത്വ സുന്ദര ഭാരതമെന്ന മഹത്തായ സങ്കല്‍പ്പമാണ്.
സംഘപരിവാരം ശാഖകളില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന മുസ്‌ലിം ഉന്മൂലന പ്രത്യയ ശാസ്ത്രത്തിന് പ്രയോഗിക പരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കപ്പെട്ടപ്പോള്‍ ആസ്സാമിലെ നെല്ലിയിലും ഭഗല്‍പൂരിലും മുംബൈയിലും ഗുജറാത്തിലും മുസാഫര്‍ നഗറിലുമടക്കം നിരവധി മുസ്‌ലിം ജീവനുകളാണ് ബലി നല്‍കപ്പെട്ടത്. രാജ്യത്തെ, അധിനിവേശ ശക്തികളില്‍ നിന്നും മോചിപ്പിക്കാന്‍ സര്‍വം ത്യജിച്ച സമുദായത്തിന്റെ പിന്‍തലമുറ തന്നെയാണ് രാജ്യാഭിമാനം കാക്കാന്‍ ഇന്നും ബലി നല്‍കപ്പെടുന്നത്.
ഘടനാപരമായ അസമത്വങ്ങളില്‍ നിന്നും അധഃസ്ഥിതരുടെ വിമോചനം സാധ്യമാക്കാന്‍ സാമൂഹികമുന്നേറ്റങ്ങള്‍ അത്യന്താപേക്ഷിതമാണ്. തുല്യാവകാശങ്ങളിലധിഷ്ഠിതമായ നവസാമൂഹ്യ നിര്‍മിതിക്ക് ഭരണകൂട ഇടപെടലുകള്‍ നിര്‍ബന്ധമാണെന്ന ബോധ്യമാണ് വിദ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്നതിനു നിമിത്തമായത്. എന്നാല്‍ സവര്‍ണ്ണ ശക്തികള്‍ അധീശത്വ പ്രത്യയ ശാസ്ത്ര നിര്‍മിതിയുടെ മറവില്‍ ദലിതരും മുസ്‌ലിംകളുമടങ്ങുന്ന അപരവത്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളെ എന്നും പിറകോട്ടു വലിച്ചുകൊണ്ടിരുന്നു. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ തങ്ങളുടെ പദവികള്‍ ഉപയോഗിച്ച് ഘടനാപരമായ അക്രമങ്ങള്‍ അഴിച്ചുവിട്ട് ഭീതി പരത്തിയും അപരവത്കരിച്ചും പിന്നാക്കക്കാരെ പരസ്പരം ഏറ്റുമുട്ടിച്ചും തങ്ങള്‍ക്കാവശ്യമായ അസമത്വ വ്യവസ്ഥിതി തുടര്‍ന്നു പോകുകയാണ് ചെയ്തത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമൊക്കെ പുരോഗമന നാട്യങ്ങള്‍ക്കുള്ളിലെ സവര്‍ണ്ണതയെ പുറത്തുകൊണ്ടു വരികയുണ്ടായി. പിന്നാക്കക്കാരുടെ ഭരണ പ്രാതിനിധ്യം മുതല്‍ ഉദ്യോഗതലങ്ങളിലെ ദുഃസ്ഥിതി വരെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് വര്‍ഗരാഷ്ട്രീയ മാനദണ്ഡങ്ങളില്‍ പോലും വര്‍ഗീയ ചേരിതിരിവ് പ്രകടമാകുന്നത്. ‘ബംഗാളിലെ ഗ്രാമങ്ങളില്‍ വൈദ്യുതിക്കമ്പി അവസാനിക്കുന്നിടത്തു നിന്നും മുസ്‌ലിം ഗെറ്റോകള്‍ ആരംഭിക്കുന്നു’ എന്നെഴുതിയത് സച്ചാര്‍ കമ്മീഷനാണ്. സംഘപരിവാരത്തിന്റെ വംശീയമായ പ്രത്യക്ഷാതിക്രമങ്ങളും കപട മതേതരവാദത്തിന്റെ രാഷ്ട്രീയ ലാഭേഛ അടിസ്ഥാനമാക്കിയുള്ള ന്യൂനപക്ഷവാദവും പിന്നാക്കാരെ, വിശിഷ്യാ മുസ്‌ലിം ജനതയെ തെല്ലൊന്നുമല്ല പിറക്കോട്ടുവലിക്കുന്നത്.
അരനൂറ്റാണ്ടിനപ്പുറം ഖാഇദെ മില്ലത്ത് സമൂഹത്തോടും സമുദായത്തോടും ചൊല്ലിപ്പറഞ്ഞതും നിലനില്‍പ്പിനായുള്ള രാഷ്ട്രീയത്തെ നെഞ്ചോടു ചേര്‍ക്കുക എന്നതാണ്. സ്വയം മാറ്റത്തിനു തയ്യാറാവാത്ത ജനതയെ ആര്‍ക്കും മാറ്റിയെടുക്കാനാവില്ലെന്ന ഖുര്‍ആനിക സൂക്തം സമുദായം നെഞ്ചിലേറ്റിയതിന്റെ ഫലമാണ് കേരളത്തില്‍ മുസ്‌ലിംലീഗ് അജയ്യ ശക്തിയായി മാറിയതിനു കാരണം. പിന്നാക്ക, ദലിത്, മുസ്‌ലിം മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായി മനസ്സിലാക്കാനും സംഘടിത മുന്നേറ്റത്തിലൂടെ സംഘ പരിവാര ഭീകരതയെയും വ്യവസ്ഥാപിത ചൂഷണ സംവിധാനങ്ങളെയും ചെറുത്തു തോല്‍പിക്കാനും സമൂഹം മുന്നോട്ടുവരണം. നിരവധി കലാപങ്ങളിലൂടെ ആയിരക്കണക്കിനു സ്ത്രീകളെ അപമാനിച്ചവര്‍ സ്ത്രീ വാദത്തിന്റെ മേലങ്കിയണിഞ്ഞ് ഏക സിവില്‍ കോഡിനായി അലമുറയിടുമ്പോള്‍ സംഘടിത പ്രതിരോധങ്ങള്‍ക്ക് നാം തയ്യാറാവണം.
കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ ശക്തിയുടെ പ്രബല കേന്ദ്രങ്ങളിലൊന്നായ മലപ്പുറം ജില്ലയെ നിരന്തരമായ കുപ്രചാരണത്തിലൂടെ അവമതിക്കാനും അതിലൂടെ മുസ്‌ലിം സംഘ ചേതനയെ ഇല്ലാതാക്കാനുമുള്ള പരിവാര്‍ ഗൂഢാലോചനകളെ പ്രബുദ്ധകേരളം ചെറുത്തു തോല്‍പിക്കുക തന്നെ ചെയ്യും.രാജ്യാഭിമാനം സംരക്ഷിക്കപ്പെടണമെങ്കില്‍ രാജ്യത്തിന്റെ ആത്മസത്ത സംരക്ഷിക്കപ്പെടണം. ഭരണഘടനാ മൂല്യങ്ങള്‍ വക്രീകരിച്ച് സംഘപരിവാരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ മുസ്‌ലിം യുവജന സംഘശക്തിക്ക് ഉത്തരവാദിത്തങ്ങളേറെയാണ്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക വഴി ആത്മാഭിമാനത്തെ തന്നെയാണ് സംരക്ഷിക്കുന്നത്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)