സോള്‍: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സാംസങ് മേധാവി ലീ ജാ യങ്ങിന് 12 വര്‍ഷം തടവ് വിധിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയെ സ്ഥാനഭ്രഷ്ടയാക്കിയ കേസില്‍ അറസ്റ്റിലായ ലീ ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
പ്രസിഡന്റിന്റെ പ്രീതി സമ്പാദിക്കുന്നതിന് പാര്‍ക്കിന്റെ വിശ്വസ്തസഹായിക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. സാംസങിനു കീഴിലുള്ള രണ്ടു കമ്പനികളുടെ ലയനത്തിന് സര്‍ക്കാറിന്റെ അനുമതി വാങ്ങാനാണ് കൈക്കൂലി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. സാംസങിന്റെ മറ്റു നാലു എക്‌സിക്യൂട്ടീവുകളും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് 10 വര്‍ഷം വരെ തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംഭാവന മാത്രമാണ് ലീ നല്‍കിയതെന്നും തിരിച്ച് ആനുകൂല്യമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. ഈമാസം 25ന് കോടതി വിധിയുണ്ടാകും. സാംസങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ലീ വഹിച്ചിരുന്നത്. സാംസങ് ചെയര്‍മാനായ പിതാവ് ലീ കുനേ ഹൃദയാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആസ്പത്രിയിലാണ്. ഇതേ തുടര്‍ന്നാണ് ലീ ജാ യങ് കമ്പനി മേധാവിയായി ചുമതലയേറ്റത്.