ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്‌ലിംകളാണെന്ന അധിക്ഷേപ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ശാസന. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ ലഭ്യമായ അധികാരം ഉപയോഗിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. വിഷയത്തില്‍ നേരത്തെ എം.പിക്ക് കമ്മീഷന്‍ നോട്ടീസയച്ചിരുന്നു.

സുപ്രീംകോടതി വിധിയനുസരിച്ച് സമൂഹത്തിലെ വിവിധ ഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കും വിധം പ്രചാരണം നടത്തുന്നത് തെറ്റാണ്. കോടതിയുടെ വീക്ഷണ പ്രകാരം ജനുവരി നാലിനാണ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. എം.പിയുടെ പ്രസ്താവന ചട്ടത്തിന് എതിരായിരുന്നു- കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പൊതു സമ്മേളനത്തിലോ, തെരഞ്ഞെടുപ്പ് പ്രചാരണത്തിലോ അല്ല, സന്യാസിമാരുടെ യോഗത്തിലായിരുന്നു താന്‍ അതു പറഞ്ഞത് എന്നായിരുന്നു തെര. കമ്മീഷന്‍ നോട്ടീസിന് മഹാരാജ് മറുപടി നല്‍കിയിരുന്നത്.

കഴിഞ്ഞയാഴ്ച മീററ്റില്‍ ചേര്‍ന്ന ഒരു യോഗത്തിലായിരുന്നു വിവാദ പ്രസ്താവന. ജനസംഖ്യാ വളര്‍ച്ച കാരണം രാജ്യത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഹിന്ദുക്കള്‍ അതിന് ഉത്തരവാദിയല്ല. നാല് ഭാര്യമാരും നാല്‍പതു മക്കളുമുള്ളവരാണ് ഇതിന്റെ കാരണക്കാര്‍ – എന്നായിരുന്നു പ്രസ്താവന. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടു ചോദിക്കരുത് എന്ന സുപ്രീംകോടതി വിധി വന്നതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇദ്ദേഹത്തിന്റെ അധിക്ഷേപ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നു. പ്രസ്താവനയില്‍ മീററ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.