ന്യൂഡല്‍ഹി: പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സിറസ് മിസ്ത്രിക്കെതിരെ നിയമ നടപടിയുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സര്‍ ദോറബ്ജി ട്രസ്റ്റ് എന്നിവരാണ് സിറസിനെതിരെ കേവിയറ്റ് ഹര്‍ജികള്‍ ഫയല്‍ ചെയ്തത്. സുപ്രീംകോടതി, ഡല്‍ഹി ഹൈക്കോടതി, ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ എന്നിവ മുമ്പാകെ മൂന്ന് കേവിയറ്റ് ഹര്‍ജികളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പിനെതിരെ സിറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും കമ്പനി കാര്യ ട്രൈബ്യൂണലില്‍ കേവിയറ്റ് ഫയല്‍ ചെയ്തിട്ടുണ്ട്.
പുറത്താക്കല്‍ നടപടിക്കു പിന്നാലെ രത്തന്‍ ടാറ്റയുടെ ടാറ്റാ സണ്‍സും സിറസ് മിസ്ത്രിയുടെ പല്ലോന്‍ജി ഗ്രൂപ്പും തമ്മില്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.

സിറസിനെ പുറത്താക്കിയ നടപടി ഏതെങ്കിലും കോടതികള്‍ സ്‌റ്റേ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യം ഒഴിവാക്കുന്നതിനാണ് കേവിയറ്റ് ഹര്‍ജി ഫയല്‍ ചെയ്തതെന്ന് ടാറ്റാ ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ പുറത്താക്കല്‍ നടപടിക്കെതിരെ സിറസ് കോടതിയെ സമീപിച്ചാലും ടാറ്റാ ഗ്രൂപ്പിന്റെ വാദം കൂടി കേട്ട ശേഷമേ തീരുമാനമെടുക്കാന്‍ കഴിയൂ. ടാറ്റാ ഗ്രൂപ്പിന്റെ വാദം കേള്‍ക്കാതെ പുറത്താക്കല്‍ നടപടി റദ്ദാക്കാനോ, സ്റ്റേ ചെയ്യാനോ കോടതിക്ക് കഴിയില്ല.
തിങ്കളാഴ്ച ചേര്‍ന്ന ടാറ്റാ ഗ്രൂപ്പ് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് സിറസിനെ ചെയര്‍മാന്‍ പദവിയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത്. മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി ഡയരക്ടര്‍ബോര്‍ഡ് നിയമിക്കുകയും ചെയ്തിരുന്നു.

നാലു മാസത്തേക്കാണ് രത്തന്‍ ടാറ്റ വീണ്ടും കമ്പനി മേധാവി സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ഇടക്കാലത്തേക്കു മാത്രമാണ് തന്റെ നിയമനമെന്നും പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും രത്തന്‍ ടാറ്റ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെയും അതിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളുടെയും സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് നിലവിലെ മാറ്റം. കമ്പനി ബോര്‍ഡും പ്രധാന ഓഹരി നിക്ഷേപകരും ചേര്‍ന്ന് ഐകകണ്‌ഠ്യേനയാണ് ഇത്തരമൊരു തീരുമാനം എടുത്തത്. ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സണ്‍സിന്റെയും താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ് തീരുമാനമെന്നും രത്തന്‍ ടാറ്റ പറഞ്ഞു.

സിറസിനെ പുറത്താക്കിയതിനു പിന്നാലെ ഇന്നലെ ടാറ്റാ ഗ്രൂപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്നു. കമ്പനി നേതൃത്വത്തിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും സ്വന്തം ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് രത്തന്‍ ടാറ്റയുടെ നിര്‍ദേശം.
സിറസ് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള പല്ലോന്‍ജി മിസ്ത്രി ഗ്രൂപ്പിന് ടാറ്റാ ഗ്രൂപ്പില്‍ 18 ശതമാനം ഓഹരികളാണുള്ളത്. ശേഷിക്കുന്ന ഓഹരികളില്‍ ഭൂരിഭാഗവും ടാറ്റാ സണ്‍സ്, ടാറ്റ ട്രസ്റ്റ്(സര്‍ ദോറബ്ജി ട്രസ്റ്റ്) എന്നിവയുടേതാണ്. ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ള ടാറ്റാ ഗ്രൂപ്പിന് പുറത്തുനിന്നുള്ള സ്ഥാപനമാണ് പല്ലോന്‍ജി ഗ്രൂപ്പ്.