മെല്‍ബണ്‍: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 443-നെതിരെ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ നാലാം ദിനത്തില്‍ സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 465 എന്ന നിലയിലാണ്. ഓസീ ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അപരാജിത സെഞ്ച്വറി (100) ആയിരുന്നു നാലാം ദിനത്തിന്റെ ഹൈലൈറ്റ്. അഞ്ചാം ദിനം മാത്രം ശേഷിക്കെ കളി സമനിലയില്‍ അവസാനിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 278 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ ഇന്നലെ ആദ്യം നഷ്ടമായത് ഉസ്മാന്‍ ഖവാജയുടെ (97) വിക്കറ്റാണ്. സെഞ്ച്വറിക്ക് മൂന്നു റണ്‍സ് അകലെ വഹാബ് റിയാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് ഖവാജ പുറത്തായത്.

സ്റ്റീവന്‍ സ്മിത്തും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും (54) ചേര്‍ന്നാണ് പിന്നീട് ഇന്നിങ്‌സ് മുന്നോട്ടു നയിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 92 റണ്‍സ് നേടി. ഹാന്‍ഡ്‌സ്‌കോംബിനെ സുഹൈല്‍ ഖാന്‍ പുറത്താക്കിയതിനു ശേഷം നിക് മാഡിസന്‍ (22) ക്യാപ്ടന് പിന്തുണ നല്‍കി.
168 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ സഹിതമാണ് സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി നേടിയത്. മാഡിന്‍സനെ യാസിര്‍ ഷാ ബൗള്‍ഡ് ചെയ്ത് പുറത്താക്കുകയും മാത്യു വെയ്ഡ് (9) സുഹൈല്‍ ഖാന്റെ പന്തില്‍ പുറത്താവുകയും ചെയ്‌തെങ്കിലും ഓസ്‌ട്രേലിയ അപ്പോഴേക്കും ലീഡിലെത്തിയിരുന്നു. വെളിച്ചക്കുറവ് കാരണം കളി നേരത്തെ നിര്‍ത്തുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (7) ആണ് സ്മിത്തിനൊപ്പം ക്രീസില്‍.

പാകിസ്താനു വേണ്ടി ഒന്നാം ഇന്നിങ്‌സില്‍ സുഹൈല്‍ ഖാന്‍, യാസിര്‍ ഷാ, വഹാബ് റിയാസ് എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.