ലക്നൗ: കരാട്ടെ ക്ലാസിന് പോകുന്ന പതിനഞ്ചുകാരിക്ക് ലിഫ്റ്റ് നല്‍കിയ സഹപാഠി വഴിയില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപത്തുവച്ച് വെള്ളിയാഴ്ചയാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപതുകാരനായ പ്രതി പുല്‍കിത് സൈനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയും പ്രതിയും ഒരേസ്ഥലത്തുവെച്ച് കരാട്ടെ, ജൂഡോ പരിശീലനം നടത്തുന്നവരാണ്. വെള്ളിയാഴ്ച കരാട്ടെ ക്ലാസിനായി പുറപ്പെട്ട പെണ്‍കുട്ടി പ്രദേശത്തെ ഷോപ്പിങ് ക്ലോംപക്സിനടത്തുവച്ചാണ് സഹപാഠിയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് പരിശീലനസ്ഥലത്തേക്കാണെന്ന് ബോധിപ്പിച്ച് പ്രതി കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തതോടെ പെണ്‍കുട്ടി തയാറാവുകയായിരുന്നു. എന്നാല്‍ കാറില്‍ കയറിയതിന് പിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വാഹനം കൊണ്ടുപോയി തന്നെ കാറില്‍വച്ച് ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി പിന്നാലെ കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടയില്‍ ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് പിടികൂടിയത് ഫോറന്‍സിക് വിഭാഗം കാറില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കാറില്‍ നിന്ന് ബിജെപിയുടെ പതാകയും സ്റ്റിക്കറുകളും കണ്ടെടുത്തു.