ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചേക്കാവുന്ന രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണ് ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കുന്ന സാമ്പത്തിക സംവരണ നീക്കത്തിന് കേന്ദ്രം ചരടു വലിക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കായി 50 ശതമാനത്തോളം സാമൂഹിക സംവരണം നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമെയായിരിക്കും 10 ശതമാനം പേര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക. എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും അഞ്ചു ഏക്കറില്‍ താഴെ ഭൂമിയും ഉള്ളവരെയായിരിക്കും സംവരണത്തിനായി പരിഗണിക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഭരണഘടനയിലെ 15, 16 വകുപ്പുകളാണ് ഇതിനായി ഭേദഗതി ചെയ്യുക.
അതേസമയം മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ഭരണഘടനാ ഭേദഗതി സാധ്യമല്ലെന്നറിഞ്ഞിട്ടും പദ്ധതി പ്രഖ്യാപിച്ചത് രാഷ്രട്രീയ സ്റ്റണ്ട് മാത്രമാണെന്നാണ് പ്രതിപക്ഷ വിമര്‍ശം. ശീതകാല സമ്മേളനം സമാപിക്കാന്‍ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഭരണഘടനാ ഭേദഗതിയുടെ കരടുപോലും തയ്യാറായിട്ടില്ലാത്തതിനാല്‍ നടപ്പു സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരാനാവില്ലെന്ന് ഉറപ്പാണ്. ബജറ്റ് സമ്മേളനത്തിനായി ഫെബ്രുവരിയില്‍ സഭ ചേരുമെങ്കിലും വോട്ട് ഓണ്‍ അക്കൗണ്ടും ഇതിന്മേലുള്ള ചര്‍ച്ചകളുമായിരിക്കും പ്രധാനമായി നടക്കുക. ബജറ്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ടു വന്നാല്‍ തന്നെ സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതും ചോദ്യചിഹ്നമാണ്. ഇതെല്ലാം അറിഞ്ഞിട്ടും തിടുക്കപ്പെട്ട് സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് നേട്ടം മാത്രം ലക്ഷ്യമിട്ടുള്ള കബളിപ്പിക്കലാണെന്നാണ് വിമര്‍ശം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സംവരണത്തിന്റെ നേട്ടം ലഭിക്കുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. നിലവില്‍ സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് മാത്രമായിരിക്കും പുതിയ സംവരണമെന്നാണ് സര്‍ക്കാര്‍ വാദം. ഫലത്തില്‍ മുന്നാക്ക സമുദായങ്ങള്‍ക്ക് മാത്രമായിരിക്കും പദ്ധതിയുടെ ഗുണം.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനാണ് ഭരണഘടന സാമൂഹിക സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. എന്നാല്‍ സാമ്പത്തിക സംവരണം നിലവില്‍ വരുന്നതോടെ ഈ സമൂദായങ്ങള്‍ വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ സര്‍വീസിലും വീണ്ടും പുറം തള്ളപ്പെട്ടേക്കും.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും രംഗത്തെത്തി. കേന്ദ്ര നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗക്കാര്‍ക്കായി കേരളം ഇതിനകം തന്നെ സാമ്പത്തിക സംവരണം കൊണ്ടുവന്നിട്ടുണ്ടെന്നും തങ്ങളുടെ പദ്ധതി കോപ്പിയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതന്നും സി.പി.എമ്മും അവകാശപ്പെട്ടു. സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്യുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.