ഗയ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചാരണം കൊഴുപ്പിക്കെ നിലപാട് വ്യക്തമാക്കി ആര്‍ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. ഭാരതീയ ജനതാ പാര്‍ട്ടിയോ(ബിജെപി), രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) എന്നിവയുമായോ ഒരിക്കലും ഒത്തുതീര്‍പ്പിനൊരുങ്ങാത്ത ഒരു പാര്‍ട്ടിയാണ് രാഷ്ട്രീയ ജനതാദളെന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവ് പറഞ്ഞു. ഞായറാഴ്ച ഗയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇതുവരെ ബിജെപിയുമായും ആര്‍എസ്എസുമായും വിട്ടുവീഴ്ച ചെയ്യാത്ത ഒരു പാര്‍ട്ടിയാണ് ആര്‍ജെഡി. ലാലുജി എല്ലായ്‌പ്പോഴും പോരാടിയിട്ടുണ്ട്. എനിക്ക് മുഖ്യമന്ത്രിയാകേണ്ടിയിരുന്നേല്‍, എന്റെ ബഹുമാനം വിറ്റ് എനിക്കതിന് കഴിയുമായിരുന്നു. എന്നാല്‍ അതിന് വേണ്ടി ബിജെപിയുമായി കൈകോര്‍ക്കാന്‍ ഞാന്‍ തയാറായിരുന്നില്ല, തേജശ്വി യാദവ് പറഞ്ഞു.

മഹാഗത്ബന്ധനുമായുള്ള ബന്ധം വിച്ഛേദിച്ച് ബിജെപിയുമായി വീണ്ടും ഒത്തുചേര്‍ന്ന് 2017 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചതായും ആര്‍ജെഡി നേതാവ് പറഞ്ഞു. മഹാഗത്ബന്ധന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, അഴിമതി എന്നിവയാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുന്നണികള്‍ പരസ്പരം വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉന്നയിച്ച് പ്രചാരണ പരിപാടികള്‍ മുന്നേറുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആര്‍ജെഡി നേതാവും മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് തന്നെയാണ് ഇതിന് മുന്‍പന്തിയില്‍. നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ തേജസ്വി, മുഖ്യമന്ത്രിയുടെ കസേരയാണ് നിതീഷ് കുമാറിന് ആദ്യത്തേതും അവസാനത്തേതുമായ സത്യമെന്നും പരിഹസിച്ചു. യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്കം നില്‍ക്കുന്നവര്‍, കൃഷിക്കാര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ച് ഒന്നും നിതീഷ് കുമാറിനെ അലട്ടുന്നില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി. 15 വര്‍ഷത്തെ നേട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാറിനെ തേജശ്വി യാദവ് വെല്ലുവിളിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസംഖ്യം കഴിഞ്ഞ ദിവസമായിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. ഇതിന് പിന്നാലെയായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയാണ് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഉള്‍പ്പെട്ട സഖ്യമാണ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിനെതിരെ രംഗത്തെത്തുന്നത്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ മൂന്ന് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 10 ന് നടക്കും.