ഡോ. ശ്രീലേഷ് കെ.പി
കണ്‍സല്‍ട്ടന്റ്, മെഡിക്കല്‍
ഓങ്കോളജി വിഭാഗം
കോഴിക്കോട് ആസ്റ്റര്‍ മിംസ്‌

ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദ രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. മറ്റ് കാന്‍സര്‍ രോഗങ്ങളെ അപേക്ഷിച്ച് നേരത്തെ തിരിച്ചറിയാനും, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാനും സാധിക്കുന്ന രോഗാവസ്ഥയാണ് സ്തനാര്‍ബുദം എന്ന സവിശേഷതകൂടി ഇതിനുണ്ട്. അതുകൊണ്ട് തന്നെയാണ് 1985 മുതല്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മാസം പിങ്ക് ഒക്ടോബര്‍ ആയി ആചരിക്കുന്നത്.

സ്തനാര്‍ബുദം ആരെയെല്ലാം ബാധിക്കാം?

സ്ത്രീകള്‍ക്ക് മാത്രമാണെന്നും അതില്‍ തന്നെ ആര്‍ത്തവ വിരാമം സംഭവിച്ച മുതിര്‍ന്ന സ്ത്രീകളിലാണ് സ്തനാര്‍ബുദം കാണപ്പെടുന്നത് എന്നുമുള്ള പൊതു ധാരണ വ്യാപകമാണ്. എന്നാല്‍ ഈ രണ്ട് ധാരണകളും തെറ്റാണ്. അപൂര്‍വ്വമായി പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടാറുണ്ട്, സ്ത്രീകളിലാകട്ടെ ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും പ്രായമായവരിലുമെല്ലാം സ്തനാര്‍ബുദം കാണപ്പെടാറുണ്ട്. എങ്കിലും ചെറുപ്പക്കാരെ അപേക്ഷിച്ച് മധ്യവയസ്‌കരിലും പ്രായമായവരിലുമാണ് സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളത്.
അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ ഋതുമതിയാകുന്ന കാലം മുതല്‍ തന്നെ സ്തനാര്‍ബുദത്തിന്റെ സാധ്യതകളെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും ബോധവതികളാകേണ്ടതും രോഗപ്രതിരോധത്തിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലിമദ്യപാനം മുതലായവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തുക തന്നെ വേണം.

സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളവര്‍

ചില പ്രത്യേക വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പ്രത്യേക കരുതലുകള്‍ സ്വീകരിക്കണം. ഗര്‍ഭനിരോധന ഗുളികകളും ആര്‍ത്തവം നീട്ടിവെക്കാനുള്ള ഗുളികകളുമൊക്കെ സ്ഥിരമായി കഴിക്കുന്നവര്‍ ഈ ശ്രേണിയില്‍ മുന്‍നിരയിലുള്‍പ്പെടുന്നവരാണ്. ഇതിന് പുറമെ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരും, മാംസം കൂടുതലായി കഴിക്കുന്നവരും മദ്യം അമിത അളവില്‍ കഴിക്കുന്നവരും കൂടുതല്‍ മുന്‍കരുതലുകളെടുക്കണം.അര്‍ബുദ ഇതര മുഴകള്‍കള്‍ സ്തനത്തില്‍ നിന്നും നീക്കം ചെയ്തവര്‍ പ്രത്യേക ശ്രദ്ധ വെച്ചുപുലര്‍ത്തണം. അതുപോലെ മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞവരിലും മറ്റുള്ളവരെ അപേക്ഷിച്ച് സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

രോഗത്തെ പ്രതിരോധിക്കണമെങ്കില്‍ ആദ്യം തിരിച്ചറിയേണ്ടത് രോഗം ബാധിച്ചിരിക്കാനുള്ള സാധ്യതയാണ്. ഇതിന് രോഗലക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് കൃത്യമായി മനസ്സിലാക്കണം. സ്തനങ്ങളിലെ ചെറിയ മാറ്റങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദനയുള്ളതോ അല്ലാത്തതോ ആയ വിവിധ വലുപ്പത്തിലുള്ള മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ് മുതലായവ സ്തനപരിശോധനയിലൂടെ തിരിച്ചറിയാന്‍ ശ്രമിക്കണം. സ്തനാകൃതിയില്‍ വരുന്ന മാറ്റം, സ്തനങ്ങളില്‍ അനുഭവപ്പെടുന്ന വേദന, സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങള്‍, കുത്തുകള്‍ പോലെയുള്ള പാടുകള്‍, മുലഞെട്ട് അകത്തേക്ക് വലിഞ്ഞ് പോവുക, മുലഞെട്ടില്‍ നിന്ന് സ്രവം പുറത്ത് വരിക, കക്ഷത്തിലും കഴുത്തിലും മുഴകളോ വീക്കമോ കാണപ്പെടുക മുതലായവയെല്ലാം രോഗലക്ഷണങ്ങളാണ്.