india

പാകിസ്താനില്‍ ജാഫര്‍ എക്സ്പ്രസില്‍ സ്ഫോടനം; നാല് ബോഗികള്‍ പാളം തെറ്റി, നിരവധി പേര്‍ക്ക് പരിക്ക്

By webdesk17

October 07, 2025

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ്ബലൂചിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള സുല്‍ത്താന്‍കോട്ടിന് സമീപം ജാഫര്‍ എക്സ്പ്രസില്‍ ഇന്ന് രാവിലെ ശക്തമായ സ്ഫോടനം നടന്നു. റാവല്‍പിണ്ടിയില്‍ നിന്ന് ക്വറ്റയിലേക്ക് പോയ ട്രെയിനിലായിരുന്നു സ്ഫോടനം.

ഐഇഡി ഉപകരണം ഉപയോഗിച്ചാണ് സ്ഫോടനമെന്നാണു പ്രാഥമിക വിവരം. നാല് ബോഗികള്‍ പാളം തെറ്റുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനില്‍ ഉണ്ടായിരുന്ന പട്ടാളക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബലൂചിസ്ഥാന്‍ വിഘടനവാദി സംഘടനയായ ബലൂച് റിപ്പബ്ലിക്കന്‍ ഗാഡ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം നേടുന്നതുവരെ ഇത്തരത്തിലുള്ള നടപടികള്‍ തുടരുമെന്ന് സംഘടന വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് സുരക്ഷാ സേന കനത്ത സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.