ന്യൂയോര്‍ക്ക്::16 നഗരങ്ങള്‍, 48 ടീമുകള്‍, 80 മല്‍സരങ്ങള്‍- പറയുന്നത് ഖത്തര്‍ ലോകകപ്പിനെക്കുറിച്ചല്ല. 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടത്തപ്പെടുന്ന ലോകകപ്പിനെക്കുറിച്ചാണ്. സംസാരിക്കുന്നതാവട്ടെ ഫിഫയുടെ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോയും.

2026 ലെ ലോകകപ്പ് മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാറുന്ന സാഹചര്യങ്ങളും ലോകകപ്പ് ആവേശം വര്‍ധിക്കുന്നതുമെല്ലാം ഫിഫ തലവന്‍ വീശദീകരിച്ചത്. ഇത് വരെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിച്ചത് 32 ടീമുകളാണ്. നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പോടെ അത് അവസാനിക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ക്കാണ് അവസരം വരുന്നത്. 32 ല്‍ നിന്നും ടീമുകളുടെ അംഗസംഖ്യ 48 ആയി മാറുമ്പോഴുള്ള വലിയ മാറ്റം മല്‍സരങ്ങളുടെ എണ്ണം മാത്രമല്ല ആതിഥേയ നഗരങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതാദ്യമായി ലോകകപ്പ് മൂന്ന് രാജ്യങ്ങളിലാണ് നടക്കാന്‍ പോവുന്നത്. ഇത് വരെ രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

2002 ലെ ഏഷ്യന്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ജപ്പാനും ദക്ഷിണ കൊറിയയുമായിരുന്നു. അതിന് ശേഷം ആദ്യമായാണ് കൂടുതല്‍ രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോവുന്നത്. കാനഡയിലും മെക്‌സിക്കോയിലും അമേരിക്കയിലുമായി 16 വലിയ നഗരങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കാന്‍ പോവുന്നത്. അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ വെച്ചാണ് ഫിഫ പ്രസിഡണ്ട് മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. 2026 ല്‍ ഇവിടെ എന്താണ് നടക്കാന്‍ പോവുന്നത് എന്ന് പോലും ഒരു പക്ഷേ ഈ ഭാഗത്തെ ജനങ്ങള്‍ അറിയില്ല എന്നാണ് തോന്നുന്നതെന്ന് ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഇതാദ്യമായി മൂന്ന് രാജ്യങ്ങളില്‍ ലോകകപ്പ് നടക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഈ രാജ്യത്തേക്ക് ഒഴുകുമെന്നും മൂന്ന് രാജ്യങ്ങളിലെയും ആഘോഷം തന്നെ മാറുകയാണ്.

ഫുട്‌ബോളെന്നാല്‍ അത് ഗവേഷണമാണ്. ആതിഥേയ രാജ്യങ്ങളും നഗരങ്ങളും തേടി ആഗോള ജനത വരുമ്പോള്‍ രാജ്യങ്ങളുടെ ചിത്രവും ആഘോഷവും മാറും. ഉത്തര അമേരിക്കന്‍ വന്‍കരയിലെ മൂന്ന് രാജ്യങ്ങളും സാമ്പത്തികമായി കരുത്തരാണ്. നല്ല ചരിത്രവും പാരമ്പര്യവും ഈ രാജ്യങ്ങള്‍ക്കുണ്ട്. പക്ഷേ വലിയ മാറ്റമായി മാറാന്‍ പോവുന്നത് ഫുട്‌ബോളാണ്. ഉത്തര അമേരിക്ക എന്ന വന്‍കരയിലെ 2026 ലെ ലോകകപ്പോടെ ഫുട്‌ബോള്‍ ഏറ്റവും വലിയ വിനോദമായി മാറുമെന്നും ഇന്‍ഫാന്‍ഡിനോ പറഞ്ഞു. തന്റെ വന്‍കര തന്നെ ആകെ മാറുമെന്നാണ് കോണ്‍കാകാഫ് പ്രസിഡണ്ട് വിക്ടര്‍ മോണ്ടഗിലാനി പറയുന്നത്. ഞാനും ഫിഫ പ്രസിഡണ്ടും കുടിയേറ്റക്കാരുടെ മക്കളാണ്. എന്നാല്‍ ഫുട്‌ബോളാണ് എല്ലാത്തിനുമപ്പുറം എല്ലാവരെയും ഒരുമിപ്പിക്കുന്നത്. ലോകകപ്പ് എന്നാല്‍ അത് വലിയ ചാമ്പ്യന്‍ഷിപ്പാണ്. എല്ലാവരും ആഗ്രഹിക്കുന്നു അതിലൊന്ന് മുത്തമിടാന്‍. ഞങ്ങളുടെ വന്‍കരയിലേക്ക് ലോകകപ്പ് വരുമ്പോള്‍ അതില്‍പരം സന്തോഷമില്ലെന്നും അദ്ദേഹം പറഞ്ഞു.