ബ്രിട്ടണിലെ രാജകുടുംബത്തിലേക്ക് വീട്ടുജോലിക്ക് പോകുന്നവര്‍ക്ക് അമ്പരപ്പിക്കുന്ന ശമ്പളം നല്‍കാനൊരുങ്ങി ബ്രിട്ടണിലെ റോയല്‍ ഫാമിലി. 18.5 ലക്ഷം രൂപയാണ് മാസ ശമ്പളമായി ലഭിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം വീട്ടുജോലിക്കാരനെ തേടിയുള്ള അറിയിപ്പ് നല്‍കിയിരിക്കുന്നത്.

ദി റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ് സൈറ്റിലാണ് ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍. ജോലിക്കായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. അതിനുശേഷം വെര്‍ച്വല്‍ ഇന്റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 13 മാസം കൊട്ടാരത്തില്‍ പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ ഒരു ട്രെയിനര്‍ ഉണ്ടായിരിക്കും. ഹൌസ് കീപ്പിംഗ് കരിയറിലെ എല്ലാ സാങ്കേതിക പരിചയവും ഈ കാലയളവില്‍ പഠിച്ചെടുക്കണം. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിന്‍ഡ്‌സര്‍ കാസ്റ്റിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടിവരും. കൊട്ടാരത്തില്‍ തന്നെ താമസിച്ച് ജോലി ചെയ്യണം എന്നതാണ് ഒരു നിബന്ധന. ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും ശ്രദ്ധയോടെയും പരിപാലിക്കുക എന്നതാണ് ജോലിയെ കുറിച്ച് പരസ്യത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

ഇംഗ്ലീഷും കണക്കും അറിയുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നും നോട്ടിഫിക്കേഷനിലുണ്ട്. വര്‍ഷത്തില്‍ 33 ദിവസം അവധി അനുവദിക്കും. പെന്‍ഷനും ഉണ്ടായിരിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും.