പ്രവാചക ശ്രേഷ്ഠന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ച ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്. മോക്ഷം തേടി പാപഭാരങ്ങള്‍ ലോകൈകനാഥനു മുന്നില്‍ ഇറക്കിവെച്ച് സ്ഫുടം ചെയ്‌തെടുത്ത ശാന്തവും നിര്‍മലവുമായ മനസ്സുമായി അല്ലാഹുവിന്റെ അതിഥികളില്‍ നല്ലൊരു പങ്കും ഇന്ന് തമ്പുകളുടെ നഗരമായ മിനയോട് വിടപറയും. ഇന്ന് കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി പകുതിയിലേറെ ഹജ്ജ് തീര്‍ഥാടകര്‍ മിനാ വിടുമെന്നാണ് കണക്കാക്കുന്നത്. വിശുദ്ധ ഹറമില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടാതെ നോക്കുന്നതിന് പകുതിയിലേറെ തീര്‍ഥാടകരെ ഇന്ന് മിന വിടാന്‍ അനുവദിക്കരുതെന്നും ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്കും ആഭ്യന്തര ഹജ്ജ് സര്‍വീസ് കമ്പനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 18,62,909 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. ഇവരില്‍ 5,37,537 പേര്‍ സഊദി അറേബ്യക്കകത്ത് നിന്ന് എത്തിയവരാണ്. 2,07,425 പേര്‍ സഊദിയിലെ മറ്റ് പ്രവിശ്യകളില്‍ നിന്നും 3,30,112 പേര്‍ മക്കയില്‍ നിന്നുമാണ് ഹജ്ജ് നിര്‍വഹിക്കുന്നതിന് എത്തിയത്. വിദേശങ്ങളില്‍ നിന്ന് 13,25,372 പേരാണ് ഹജ്ജിനെത്തിയത്. ഹജ്ജ് നിര്‍വഹിച്ചവരില്‍ 16,92,417 പേര്‍ വിദേശികളും 1,70,492 പേര്‍ സ്വദേശികളുമാണ്. ഹാജിമാരില്‍ പുരുഷന്മാര്‍ 10,82,228 പേരും വനിതകള്‍ 7,80,681 പേരുമാണ്. അടുത്ത കാലത്ത് ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഇത്രയും കുറയുന്നത് ആദ്യമാണ്. ഈ കൊല്ലം ഇറാനില്‍ നിന്ന് തീര്‍ഥാടകര്‍ ഇല്ലാത്തത് ഹാജിമാരുടെ എണ്ണം കുറയാനിടയാക്കി. ഇറാന്‍ ഈ വര്‍ഷം ഹജ്ജ് കരാര്‍ ഒപ്പുവെക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു.
സഊദി അറേബ്യക്കകത്ത് നിന്നുള്ളവര്‍ നിയമം ലംഘിച്ച് ഹജ്ജ് നിര്‍വഹിക്കുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണങ്ങള്‍ നടത്തിയിട്ടും മൂന്നര ലക്ഷത്തോളം പേര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമ വിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ചവരില്‍ മഹാഭൂരിഭാഗവും മക്ക നിവാസികളും മക്കയില്‍ ജോലി ചെയ്യുന്ന വിദേശികളുമാണ്. ഹജ്ജ് തസ്‌രീഹ് ഇല്ലാത്തവരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്തുന്നവര്‍ക്ക് തടവും പിഴയും വാഹനം കണ്ടുകെട്ടലും നാടുകടത്തലും ശിക്ഷ ലഭിക്കും. തസ്‌രീഹ് നേടാതെ ഹജ്ജ് നിര്‍വഹിക്കുന്നവരെയും നാടുകടത്തുമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.