പട്‌ന: ബിഹാറില്‍ 23 സീറ്റിലെ ഭൂരിപക്ഷം അഞ്ഞൂറില്‍ താഴെയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട്. മൊത്തം 67 സീറ്റുകളില്‍ ഭൂരിപക്ഷം ആയിരത്തില്‍ താഴെയാണ്. അതു കൊണ്ടു തന്നെ ഏതു നിമിഷവും ഫലം മാറി മറിയാം എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

നിലവില്‍ 243 അംഗ സഭയില്‍ 129 സീറ്റുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുകയാണ്. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം 99 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ചിടത്തും മറ്റു കക്ഷികള്‍ പത്തു സീറ്റിലും മുമ്പില്‍ നില്‍ക്കുന്നു.

2015നെ അപേക്ഷിച്ച് 11 സീറ്റിന്റെ കുറവാണ് നിലവില്‍ മഹാസഖ്യത്തിനുള്ളത്. എന്‍ഡിഎ മൂന്നു സീറ്റ് വര്‍ധിപ്പിച്ചു. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിയിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നില്‍ക്കുന്നത്. 73 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. ആര്‍ജെഡി 64 സീറ്റിലും ജെഡിയു അമ്പത് സീറ്റിലും മുമ്പിട്ടു നില്‍ക്കുന്നു. 21 ഇടത്താണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ചൈന്‍പൂര്‍ സീറ്റില്‍ ബിജെപി മന്ത്രി ബ്രിജ് കിഷോര്‍ ബിന്ദ് എതിര്‍ സ്ഥാനാര്‍ത്ഥി ബിഎസ്പിയുടെ മുഹമ്മദ് ഹംസ ഖാനേക്കാള്‍ 321 വോട്ടിന് മാത്രമാണ് മുമ്പില്‍ നില്‍ക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ ഹാസന്‍പൂര്‍ സീറ്റില്‍ തേജ് പ്രതാപ് യാദവ് 150 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. ജെഡിയുവിന്റെ രാജ് കുമാര്‍ റായ് ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥി. ബിജെപിയുടെ ഉറച്ച കോട്ടയാണിത്.

ജെഡിയു മുന്‍ നേതാവ് ശരദ് യാദവിന്റെ മകള്‍ സുഭാഷിണി യാദവ് ബിഹാറിഗഞ്ച് മണ്ഡലത്തില്‍ പിന്നിലാണ്. മുന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ 20.5 ശതമാനം വോട്ടിന് ജയിച്ച മണ്ഡലമാണിത്.

പതിനൊന്നരയിലെ കണക്കുകള്‍ പ്രകാരം മുവ്വായിരത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ് ഇവര്‍. എതിര്‍ സ്ഥാനാര്‍ത്ഥി ജെഡിയുവിന്റെ നിരഞ്ജന്‍ കുമാര്‍ മേത്തയ്ക്ക് 9470 വോട്ടുകള്‍ കിട്ടിയപ്പോള്‍ സുഭാഷിണിക്ക് ലഭിച്ചത് 6213 വോ്ട്ടുകളാണ്.

അതിനിടെ, അന്തിമ ഫലത്തില്‍ മഹാസഖ്യം തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തത് എന്നും മാറ്റം അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു.

‘നിതീഷ് കുമാറിനെ നാണം കെടുത്താന്‍ ചിരാഗ് പാസ്വാനെ ഉപയോഗിക്കുകയായിരുന്നു ബിജെപി. ജെഡിയുവിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരുപകരണം ആയാണ് ചിരാഗിനെ ഉപയോഗിച്ചത്. ബിജെപിയുടെ ഈ തന്ത്രം തിരിച്ചറിയാന്‍ ചിരാഗിനെ പോലുള്ള ഒരു യുവ നേതാവിന് കഴിഞ്ഞില്ല. മഹാഗട്ബന്ധന്റെ വോട്ടു കുറയ്ക്കാന്‍ ഉവൈസിയെയും ബിജെപി ബി ടീമായി ഉപയോഗിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിക്കും. ജനവിധിക്കു ശേഷമുള്ള സഖ്യത്തിന്റെ ആവശ്യമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.