ന്യൂഡല്‍ഹി: എ.ബി.വി.പിക്കാരുടെ മര്‍ദനമേറ്റ ശേഷം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം ഡല്‍ഹി പൊലീസ് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ 50,000 -ഉം തുടര്‍ന്ന് ഒരുലക്ഷവും പിന്നീട് രണ്ടു ലക്ഷവുമാക്കിയ തുകയാണ് ഇപ്പോള്‍ അഞ്ചു ലക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കാമ്പസില്‍ വെച്ച് എ.ബി.വി.പി വിദ്യാര്‍ത്ഥികളുടെയും പുറത്തുനിന്നെത്തിയ ഗുണ്ടകളുടെയും അക്രമത്തിനിരയായ നജീബിനെ ഒക്ടോബര്‍ 15 മുതലാണ് കാണാതായത്. അക്രമികള്‍ നജീബിനു നേരെ വധഭീഷണി മുഴക്കിയിരുന്നു. സഫ്ദര്‍ ജങ് ആസ്പത്രിയില്‍ ചികിത്സ തേടിയ നജീബ് അപ്രത്യക്ഷനാവുകയായിരുന്നു. നജീബിനെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ ഓരോ വശവും പരിഗണിച്ച് തുടക്കം മുതല്‍ അന്വേഷണം നടത്തണമെന്നാണ് കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.