പുതുമുഖങ്ങളായ ഐസ്‌ലാന്റിനോട് സമനില വഴങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് അര്‍ജന്റീനയും സൂപ്പര്‍ താരം മെസിയും അത്ര പെട്ടൊന്നൊന്നും മോചിതരാവില്ല’. ലോക ഫുട്‌ബോളിലെ മുടിചൂടാ മന്നന്‍മാരെ കത്രിക പൂട്ടിട്ട് ഏട്ടിയ ഐസ്‌ലാന്റ് അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ആരായിരുന്നു ഹീറോ? മെസിയുടേതടക്കം ഉജ്വലനീക്കങ്ങളെല്ലാം നിഷ്പ്രഭമാക്കിയത് ആ ഗോളിയായിരുന്നു, അതെ മത്സരത്തിന് മുമ്പേ ആരെയും പേടിക്കില്ലെന്ന് സധൈര്യം വിളിച്ചു പറഞ്ഞ ആണ്‍കുട്ടി. ഒപ്പം മെസിയെ കട്ടക്ക് കട്ട പ്രതിരോധിച്ച പ്രതിരോധനിരയും. ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഐസ്‌ലാന്റ് ടീം.

ആ വിശേഷങ്ങളില്‍ ചിലത് ഇവയാണ്:

 1. വിസ്മയിപ്പിച്ച ആ ഗോള്‍കീപ്പര്‍ മുന്‍ സംവിധായകനാണ്. യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ കീഴിലുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന യൂറോവിഷന്‍ സോങ് മത്സരത്തിന്റെ ഫൈനല്‍ വരെയെത്തിയിട്ടുണ്ട് ഹാല്‍ഡോര്‍സണ്‍ സംവിധാനം ചെയ്ത നെവര്‍ ഫൊര്‍ഗെറ്റ് എന്ന ആല്‍ബം. 2012ല്‍ യൂറോവിഷനില്‍ ഐസ്‌ലാന്‍ഡില്‍ നിന്നുള്ള എന്‍ട്രിയായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്. നിഗൂഢമായ ഒരു സ്ത്രീക്ക് പിന്നിലൂടെ അവരുടെ രഹസ്യമന്വേഷിച്ച് നടക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഥ വിഷയമാക്കിയതായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്. ഐസ്‌ലാന്‍ഡിലെ റെയ്‌ക്കേവിക്കില്‍ ജനിച്ച ഹാല്‍ഡോര്‍സണ്‍ ഒരു കാലത്ത് ഫുട്‌ബോള്‍ പാര്‍ട്ട് ടൈം ജോലി മാത്രമായിരുന്നു. ചെറുപ്പത്തിലേ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ഹാല്‍ഡോര്‍സണ്‍ 12 വയസ്സുള്ളപ്പോള്‍ തന്നെ തന്റെ ആദ്യ ഹ്രസ്വ ചിത്രം പുറത്തിറക്കി. വിസിആറും വീഡിയോ ക്യാമറയും ഉപയോഗിച്ചായിരുന്നു അന്നത്തെ സിനിമാ പരീക്ഷണങ്ങള്‍. ഫുട്‌ബോള്‍ കളിച്ച് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം കിട്ടുക സിനിമ പിടിക്കുമ്പോഴാണെന്നതും ഹാല്‍ഡോര്‍സണിന്റെ സിനിമയോടുള്ള ഇഷ്ടത്തിനുള്ള ഒരു കാരണമായിരുന്നു. സിനിമാപിടിത്തമൊക്കെ കഴിഞ്ഞ് വൈകീട്ട് അഞ്ച് മണിക്ക് ശേഷം മാത്രമായിരുന്നു പണ്ടൊക്കെ പേരിനുള്ള ഫുട്‌ബോള്‍ പരിശീലനം.
 2.  ടീമില്‍ അഞ്ച് ഡോക്ടര്‍മാര്‍
  ടീമിലെ കളിക്കാരില്‍ അഞ്ചുപേര്‍ തൊഴില്‍ പരമായി ഡോക്ടര്‍മാരാണ്.
 3. ടീം മാനേജര്‍ ഡന്റിസ്റ്റ്
  ടീം മാനേജര്‍മാരില്‍ ഒരാളായ ഹെമിര്‍ ഹാള്‍ഗ്രിംസണ്‍ മാനേജര്‍ ജോലിക്കൊപ്പം ദന്തിസ്റ്റുമാണ്. 2016നു ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ മാനേജരായത്.
 4. ഫുട്‌ബോള്‍ ജ്വരമായി സിരകളില്‍ പടര്‍ന്നപ്പോള്‍ ആകെ ജനസംഖ്യയുടെ 10% പേരും ഫ്രാന്‍സില്‍ 2016 യൂറോകപ്പ് കാണാനെത്തി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് ഐസ് കട്ടക്ക് പുറത്ത് ജീവിക്കുന്ന ഈ രാജ്യക്കാര്‍.
 5. ആരെയും കൊതിപ്പിക്കുന്ന റാങ്കിംഗിലെ മുന്നേറ്റം
  129-ാം റാങ്കില്‍ നിന്ന് ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് 22-ാം റാങ്കിലെത്തി ലോകത്തെ വീണ്ടും ഞെട്ടിച്ചു.
 6. മഞ്ഞില്‍ കൃത്രിമ ഗ്രൗണ്ടുകള്‍
  പേരുപോലെ തന്നെ മഞ്ഞുമൂടിയതാണ് ഐസ്‌ലാന്റ്. ശരാശരി താപനില 10-13 ഡിഗ്രി സെല്‍ഷ്യസ്. അധികസമയവും രാത്രിയാണ് ഇവിടെ. ഡിസംബറിലൊക്കെ 20 മണിക്കൂറാണ് പ്രതിദിനം രാത്രി. എങ്ങനെ പരിശീലിക്കും? കഴിഞ്ഞ 15 വര്‍ഷമായി ഫൂട്‌ബോള്‍ പരിശീലനത്തിനായി വന്‍ തോതില്‍ പണമൊഴുക്കുന്നുണ്ട് ഐസ്‌ലാന്റ് 30 ഇന്‍ഡോര്‍ ഗ്രൗണ്ടുകളും, 150ഓളം പരിശീലനകേന്ദ്രങ്ങളുമാണ് ഒരുക്കിയത്.
 7. സൂര്യന്‍ വല്ലപ്പോഴും മാത്രം എത്തി നോക്കുകയുള്ളൂവെങ്കിലും പേരില്‍ സണ്‍ വിട്ടൊരു കളിയില്ല
  അര്‍ജന്റീനക്കെതിരെ കളിച്ച മിക്കവാറും എല്ലാ കളിക്കാരുടെയും പേര് അവസാനിക്കുന്നത് ‘സണ്‍’ എന്ന വാക്കിലാണ്. ഐസ്‌ലാന്റ് ടീമിലെ മറ്റൊരു പ്രത്യേകതയാണിത്.