X

പുള്ളാവൂര്‍പുഴയിലെ മെസി; ആവേശഭരിതനായി ജിയാന്നി

ദോഹയിലെ മെട്രോ ജംഗ്ഷനായ മുശൈരിബ് സ്‌റ്റേഷനിലെ രാത്രിത്തിരക്കിലേക്ക് ഒരു ലൈനില്‍ നിന്ന് മറ്റൊരു ലൈനിലേക്ക് പോകാന്‍ വന്നിറങ്ങിയ യുവതിയും യുവാവും മുകളിലേക്കുള്ള എലവേറ്ററിലേക്ക് കയറുന്നതിന് മുമ്പ് എക്‌സ്‌ക്യൂസ് മീ… എന്ന് പറഞ്ഞതേയുള്ളൂ. ഉടന്‍ അരികിലേക്കെത്തി രണ്ടുപേരും. ഫോട്ടോക്ക് പോസ് ചെയ്യാമോ എന്ന് ചോദിക്കേണ്ട താമസം, യുവാവ് താനണിഞ്ഞ ഖത്തര്‍ എയര്‍വെയ്‌സിന്റെ നീല ജഴ്‌സിയില്‍ പിടിച്ച് പിന്നെയൊരു ചാട്ടമാണ്. അര്‍ജന്റീന.. അര്‍ജന്റീന എന്നാര്‍ത്തു വിളിച്ചുകൊണ്ടേയിരുന്നു.

ആവേശം ഒട്ടും കുറവില്ലാതെ കൂടെയുള്ള യുവതിയും. അര്‍ജന്റീനയിലെ പതഗോനിയ മേഖലയില്‍ നിന്നുള്ള ജിയാന്നി ജിനാസിയോയും പങ്കാളി ലോറന്‍സയും. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ഉടന്‍ മെസിയുടെ പുഴയിലെ കട്ടൗട്ടിനെക്കുറിച്ചായി ചോദ്യം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സി.കെ തന്‍സീര്‍ എടുത്ത പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളില്‍ പങ്കുവെച്ചതാണ് ഈ കടുത്ത അര്‍ജന്റീനിയന്‍ ആരാധകന്‍ കണ്ടത്. കട്ടൗട്ട് ചിത്രം ഫോണില്‍ കാണിച്ചു. ”ഇന്ത്യയില്‍ ഇത്രയധികം അര്‍ജന്റീന ആരാധകരുണ്ടായതില്‍ അത്ഭുതം തോന്നുന്നു. ഇന്ത്യക്കാര്‍ ഞങ്ങളുടെ യഥാര്‍ത്ഥ ആരാധകരാണ്. അവര്‍ക്ക് ഫുട്‌ബോള്‍ രക്തത്തിലലിഞ്ഞപോലെയാണ് തോന്നിയത്. ഇത്ര വലുപ്പത്തില്‍ പുഴയുടെ നടുവില്‍ കട്ടൗട്ട് വെക്കണമെങ്കില്‍ അത്രയും സ്‌നേഹം വേണം.” കടുത്ത അര്‍ജന്റീനന്‍ ആരാധകനും സഞ്ചാരിയുമായ ജിയാന്നി പറഞ്ഞു.

”ഞാന്‍ നേരത്തെ ഇറ്റലിയുടെ ആരാധികയായിരുന്നു. ജിയാന്നിയുടെ അര്‍ജന്റീന ആവേശം എന്നേയും അര്‍ജന്റീനക്കൊപ്പമാക്കി.’ ഇറ്റലിക്കാരിയായ ലോറന്‍സ വ്യക്തമാക്കി. പ്രണയം ഫുട്‌ബോള്‍ ആരാധനയെപ്പോലും മാറ്റിയോ എന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയില്‍ ലയിച്ചു, ഇരുവരും. പ്രണയം ഫുട്‌ബോളിനാവുമ്പോള്‍ രണ്ടാളും ഒന്നാണെന്ന് പറയാതെ പറഞ്ഞു. ആദ്യമായി ലോകകപ്പ് കാണാന്‍ അവസരം ലഭിക്കുകയാണ് ഇരുവര്‍ക്കും. ഒരുവര്‍ഷമായി ഖത്തറിലുള്ള ജിയാന്നി ഒരുപ്രശസ്ത മാളിലെ റസ്റ്റാറന്റില്‍ പിറ്റ്‌സ സ്‌പെഷ്യലിസ്റ്റായ ഷെഫാണ്. അര്‍ജന്റീന കപ്പുനേടുമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ സ്വരമാണ്. അര്‍ജന്റീന കപ്പുനേടും. മാളിലേക്ക് വരണം.. പിറ്റ്‌സ കഴിച്ച് നമുക്കാഘോഷിക്കണം ജിയാന്നി കൈവീശി കടന്നുപോയി.

web desk 3: