X

മേഖലയിലെ മികച്ച നഗരിയായി മൂന്നാംതവണയും അബുദാബി

അബുദാബി: മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും മികച്ച നഗരമായി വീണ്ടും അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ സ്മാര്‍ട്ട് സിറ്റി പട്ടികയിലാണ് അബുദാബി മികച്ച നഗരമായി മൂന്നാം തവണയും ഇടം പിടിച്ചത്. ആഗോളതലത്തില്‍ 13-ാം സ്ഥാനമാണ് അബുദാബിക്ക് ലഭിച്ചത്.

സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈനുമായി സഹകരിച്ച് സ്വിറ്റ്‌സര്‍ലന്‍ഡിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐഎംഡി) ആണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആരോഗ്യം, സുരക്ഷ, ചലനാത്മകത, പ്രവര്‍ത്തനങ്ങള്‍, അവസരങ്ങള്‍ (ജോലി, വിദ്യാഭ്യാസ സംവിധാനം), ഭരണം എന്നിങ്ങനെ അഞ്ച് പ്രധാന കാര്യങ്ങളും ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധവും പഠനവിധേയമാക്കിയിട്ടുണ്ട്.

മേഖലയിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമായി അബുദാബിയുടെ റാങ്കിംഗില്‍ അഭിമാനിക്കുന്നതായി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ഷൊറാഫ പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ പുതുതലമുറ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെയും പൊതു, സ്മാര്‍ട്ട് ഗതാഗതം ഉള്‍പ്പെടെ വിവിധ സാമൂഹിക, സേവന, സാമ്പത്തിക മേഖലകളില്‍ സ്മാര്‍ട്ട് സിറ്റി സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനും അബുദാബിക്ക് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

അബുദാബി എമിറേറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാങ്കേതികവിദ്യ വിപുലീകരിക്കുന്നതിലുമെല്ലാം വന്‍വിജയമാണ് കൈവരിച്ചത്. പൊതുജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും തിരിച്ചറിയുന്നതിനും അവരുമായി സുതാര്യമായി ഇടപഴകുന്നതിനും അധികൃതര്‍ എന്നും കൂടുതല്‍ തല്‍പരരാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

webdesk13: