കൊട്ടാരക്കര: എം.സി.റോഡില്‍ പനവേലി ജങ്ഷന് സമീപം കാര്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി. ബസ്സിലേക്ക് ഇടിച്ചു കയറി ദമ്പതികള്‍ മരിച്ചു. പന്തളം കടക്കാട് പള്ളിതെക്കതില്‍ (ഷെഫിന്‍ മന്‍സിലില്‍ നാസറുദ്ദീന്‍ (56), ഭാര്യ സജിലാ ബീവി(45) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മരുമകള്‍ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ.എസ്.ആര്‍.ടി.സി. ബസ്സിലുണ്ടായിരുന്ന ഉമ്മന്നൂര്‍ സ്വദേശികളായ അഞ്ജു(20), രാധ(49), സുമതി(53), ജാസ്മിന്‍(20), ഷീന(38), അണ്ടൂര്‍ സ്വദേശി ഗായത്രി(23) എന്നിവര്‍ക്കും പരിക്കുപറ്റി. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗള്‍ഫിലേക്കു മടങ്ങിയ മൂത്ത മകന്‍ ഷെഫീക്കിനെ യാത്രയാക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. നാസറുദ്ദീനും സജിലാബീവിയും തത്ക്ഷണം മരിച്ചു. പിന്‍സീറ്റിലായിരുന്ന സുമയ്യയ്ക്കും പരിക്ക് ഗുരുതരമാണ്. കാര്‍ പൂര്‍ണമായി തകര്‍ന്നു.