പ്രണയം തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ഷൈന്‍നിഗം. മിമിക്രി-സിനിമാ താരം അബിയുടെ മകനായ ഷൈന്‍ നിഗം ഇതിനോടകം തന്നെ അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ താനൊരാളുമായി പ്രണയത്തിലാണെന്ന് താരം പറഞ്ഞു.

ഒരാളുടെ ഹൃദയത്തില്‍ പ്രണയമുണ്ടെങ്കിലേ അല്ലെങ്കില്‍ അതിനോടുള്ള അഭിനിവേശമുണ്ടെങ്കിലേ നന്നായി അഭിനയിക്കാന്‍ കഴിയൂവെന്നും താന്‍ പ്രണയത്തിലാണെന്നും ഷൈന്‍ പറഞ്ഞു. എന്നാല്‍ അത് ആരാണെന്ന് ഷൈന്‍ വെളിപ്പെടുത്തിയില്ല. അഭിനയിച്ചതില്‍വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം കിസ്മത്തിലെ ഇര്‍ഫാന്‍ ആണ്. കൂടാതെ കുമ്പളങ്ങി നൈറ്റ്‌സിലേയും കൈയര്‍ ഓഫറ് സൈറാബാനുവിലേയും കഥാപാത്രങ്ങള്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതാണെന്നും ഷൈന്‍ പറഞ്ഞു.

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ആണ് ഷെയ്‌നിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിന്‍ നിഗം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ്. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകന്‍. പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

‘വലിയ പെരുന്നാള്‍’, ഷാജി കരുണ്‍ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷൈനിന്റെ മറ്റു ചിത്രങ്ങള്‍. നവാഗതനായ ഡിമല്‍ ഡെന്നീസാണ് ‘വലിയ പെരുന്നാള്‍’ സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അന്‍വര്‍ റഷീദാണ്.