നടനും മിമിക്രി കലാകാരനുമായ അബി യാത്രയായത് വലിയൊരു ആഗ്രഹം ബാക്കിയാക്കിയാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ഇ.വി.എം അലി. അബിയുടെ മകന്‍ ഷൈന്‍ നിഗത്തിനൊപ്പം അഭിനയിക്കണമെന്നായിരുന്നു അബിയുടെ ആഗ്രഹമെന്നും ഇത് അധികമാരോടും പറഞ്ഞിരുന്നില്ലെന്നും അലി പറഞ്ഞു. കറുത്തസൂര്യന്‍ എന്ന ചിത്രത്തിലാണ് അബി അവസാനമായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ സംവിധായകനാണ് അലി.

സിനിമയില്‍ അബി ചെയ്യുന്നത് സ്‌ത്രൈണത കലര്‍ന്ന സംഗീതസംവിധായകന്റെ വേഷമാണെന്ന് അദ്ദേഹം പറഞ്ഞു. രോഗത്തിന്റെ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെ ചിത്രീകരണത്തിന് മുഴുവനായും അബി തയ്യാറായി. ഷൈന്‍ നിഗത്തിനൊപ്പം അഭിനയിക്കണമെന്നായിരുന്നു അബിയുടെ വലിയ ആഗ്രഹം. ഇത് അധികമാരോടും അബി പറഞ്ഞിരുന്നുമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയിലെ യുവതാരങ്ങളിലൊരാളാണ് ഷൈന്‍ നിഗം. ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത ഷൈന്‍ മലയാള സിനിമയുടെ പ്രതീക്ഷ കൂടിയാണ്. ‘ഈട’ യാണ് ഷൈന്റ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരാണ് കറുത്തസൂര്യനില്‍ അഭിനയിക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്.

കഴിഞ്ഞയാഴ്ച്ചയാണ് അബി മരണത്തിന് കീഴടങ്ങുന്നത്. രക്തസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. മിമിക്രിയിലൂടെ സിനിമാ രംഗത്തേക്കുവന്ന അബി 50 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.