കൊച്ചി: നടിയെ ആക്രമിച്ച കേസ് നിര്‍ണായകമായ വഴിത്തിരിവില്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല.

ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നടന്‍ ദിലീപിന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് ഫോണ്‍ വിദേശത്തേക്ക് കടത്തിയതെന്നും സൂചനകളുണ്ട്. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ നാല് മാസത്തിനിടെ വിദേശയാത്ര നടത്തിയ ദിലീപിന്റെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി തെളിവ് കണ്ടെത്തേണ്ടത് കേസില്‍ നിര്‍ണായകമാണ്. അതേസമയം ദൃശ്യങ്ങള്‍ വിദേശത്ത് നിന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പറയപ്പെടുന്നു.