കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ മൊഴി പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി മാപ്പുസാക്ഷി വിപിന്‍ലാല്‍. മൊഴി മാറ്റിപ്പറഞ്ഞാല്‍ വീടുവച്ചു തരാമെന്നും ലക്ഷങ്ങള്‍ നല്‍കാമെന്നും ഓഫര്‍ നല്‍കിയതായും വിപിന്‍ലാല്‍ വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇത്തരത്തില്‍ ഒരു ഓഫറുമായി ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ സമീപിച്ചതെന്ന് വിപിന്‍ലാല്‍ വ്യക്തമാക്കി.

എന്നാല്‍ നല്‍കിയിരിക്കുന്ന മൊഴികള്‍ മാറ്റിപ്പറയാന്‍ ഉദ്ദേശമില്ലെന്ന് അവരെ അറിയിച്ചെന്നും ഇതേതുടര്‍ന്ന് വിപിന്‍ലാലിന് നിരവധി ഭീഷണിക്കത്തുകള്‍ വന്നെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബറില്‍ കേസ് പരിഗണിക്കുന്ന സമയത്ത് മൊഴി മാറ്റിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുള്ളതാണ് കത്തുകള്‍. കത്തുകള്‍ എറണാകുളം ജില്ലയില്‍ നിന്നു തന്നെയാണ് വരുന്നതെന്നും വിപിന്‍ പറയുന്നു.

അതേസമയം വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടത്തും.