കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു വെളിപ്പെടുത്തിയ പേരുകളില്‍ നടന്‍ പൃഥ്വിരാജ്, നിര്‍മാതാവും മോഹന്‍ലാലിന്റെ ഡ്രൈവറും സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍, നടി പൂര്‍ണിമാ ഇന്ദ്രജിത്ത് എന്നിവരും. സംവിധായകന്‍ നാദിര്‍ഷായോട് വിഷ്ണു നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മൂവരുടെയും പേര് പറയുന്നത്. ദിലീപിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞായിരുന്നു ഫോണ്‍ കോള്‍. നിങ്ങള്‍ ഒന്നര കോടി നല്‍കിയില്ലെങ്കില്‍ രണ്ടര കോടി നല്‍കാന്‍ ആളുണ്ടെന്നായിരുന്നു ഭീഷണി. ഇത് പ്രതികളുടെ ബ്ലാക്‌മെയിലിങ് തന്ത്രമാണെന്ന നിഗമനത്തിലാണ് ദിലീപും സുഹൃത്തുക്കളുമെങ്കിലും ഫോണ്‍ കോളിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. വിഷ്ണു പുറത്തു പറഞ്ഞ പേരുകളില്‍ ആരുമായും ദിലീപ് നല്ല ബന്ധത്തിലല്ല. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണ നല്‍കി ഒപ്പം നിന്ന വ്യക്തിയാണ് പൃഥ്വിരാജ്. മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയെ ഭൂരിപക്ഷം താരങ്ങളും എതിര്‍ത്തപ്പോള്‍ പരസ്യമായി പിന്തുണച്ച് രംഗത്തുവന്നത് പൃഥ്വിരാജായിരുന്നു. കൂടാതെ ആക്രമണത്തിനു ശേഷം നടി ആദ്യമായി അഭിനയിച്ചതും പൃഥ്വി് ചിത്രത്തിലായിരുന്നു.