കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നുമ്പോള്‍ നടിയുടെ മൊഴി പ്രസക്തമാകുന്നു.ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി കൊടുത്തു. വാഹനത്തില്‍വെച്ചാണ് സുനി തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് ദുരൂഹതകളേറുകയാണ്.

മുഖം മറച്ചായിരുന്നു സുനി കാറില്‍ കയറിയത്. ഇടക്ക് മുഖം മറച്ച തുണി മാറിയപ്പോള്‍ നീ സുനിയല്ലേന്ന് ചോദിക്കുകയായിരുന്നു. അതെയെന്നും സഹകരിച്ചില്ലെങ്കില്‍ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി കൂടുതല്‍ ഉപദ്രവിക്കുമെന്നും സുനി പറഞ്ഞതായി നടി പോലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ സുനി പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോയെന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ സുനിയുടെ പിടിയിലായ സുഹൃത്തുക്കള്‍ ഇതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞതായി പോലീസ് പറയുന്നു. സഹായത്തിന് വിളിച്ചുവെന്നല്ലാതെ ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം, പള്‍സര്‍ സുനിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.

സംഭവത്തിലെ മുഖ്യപ്രതിയായ സുനിക്ക് സിനിമാമേഖലയില്‍ നിന്നുള്ളവരുടെ പിന്തുണയുണ്ടെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഈ ആരോപണം ശക്തിപ്പെടുത്തുകയാണ് നടിയുടെ പുറത്തുവന്ന മൊഴിയും. സംഭവം ക്വട്ടേഷനാണെന്ന് സുനി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരാണെന്നുള്ളതും ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുമാണ്. ഇന്നലെ കൊച്ചിയില്‍ നടന്ന അമ്മ സംഘടനയുടെ പ്രതിഷേധ പരിപാടിയില്‍ മഞ്ജു വാര്യറും ഇത് ഗൂഢാലോചനയുടെ ഭാഗമായുണ്ടായ ആക്രമണമാണെന്ന് പറഞ്ഞിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളിലും പ്രതിയായ സുനിക്ക് എങ്ങനെയാണ് സിനിമാമേഖലയില്‍ ഇത്രയധികം സ്വാധീനമുണ്ടായി എന്നതും ഉയരുന്ന ചോദ്യമാണ്. സുനിയുടെ ബന്ധങ്ങളില്‍ സിനിമാമേഖലയിലുള്ള പല പ്രമുഖരും സംശയത്തിന്റെ നിഴലിലാണെന്ന് ചില മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.