കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് നടിക്ക് വേണ്ടി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്‍ ഇന്ന് വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് നടപടി. ഇതോടെ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.

കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സ്‌പെഷല്‍ പ്രോസിക്യൂട്ടറും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സാക്ഷികളോട് ഇന്ന് ഹാജരാകാന്‍ കോടതി നോട്ടിസ് നല്‍കി. ഇതിനിടെയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇരയ്ക്കു വേണ്ടി വാദിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരിക്കുന്നത്. വിചാരണക്കോടതി മാറണമെന്ന് സര്‍ക്കാരും ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു.

കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണമായിരുന്നു സര്‍ക്കാരും പ്രോസിക്യൂട്ടറും ഉന്നയിച്ചത്. എന്നാല്‍ കോടതി മാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷിച്ച ഹൈക്കോടതി വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളുകയായിരുന്നു. പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.