മേഘ്‌ന രാജിന്റെ ബേബിഷവര്‍ ചിത്രങ്ങള്‍ കണ്ട് കണ്ണീരണിഞ്ഞ് നടി നവ്യനായര്‍. മേഘ്‌നയുടെ ചിത്രങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് നവ്യനായര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മേഘ്‌നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മാസങ്ങള്‍ക്കു മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്.

‘എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ മേഘ്‌ന, നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷം ഇപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. സ്‌നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ. എന്നാണ് നവ്യ കുറിച്ചത്.

അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ബേബിഷവര്‍ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിലെ വേദിയില്‍ മേഘ്‌നയുടെ അരികിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.

അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്ജീവി സര്‍ജ. ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം നടന്‍ മുമ്പ് സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മേഘ്‌നയുമായി താന്‍ കൂടുതല്‍ പ്രണയത്തിലായെന്നും താരം തുറന്നുപറഞ്ഞിരുന്നു. സര്‍ജ മരിക്കുമ്പോള്‍ നടി മൂന്നു മാസം ഗര്‍ഭിണിയായിരുന്നു.

കന്നഡയില്‍ അട്ടഗാര എന്ന ചിത്രത്തില്‍ ചിരഞ്ജീവി സര്‍ജയും മേഘ്‌നാ രാജും ഒന്നിച്ചഭിനയിച്ചിരുന്നു. 2015ലായിരുന്നു താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ചീരുവും മേഘ്‌നയും വിവാഹിതരാവുന്നത്.