ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിനുള്ളിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയത്തിന്റെ പേരിലുള്ള ലൈംഗിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ശ്രാവണി കഴിഞ്ഞ കുറച്ചുനാളുകളായി അസ്വസ്ഥയായാണ് കാണപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

കുളിമുറിക്കുള്ളിലാണ് തൂങ്ങിയ നിലയില്‍ നടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രാവണിയുടെ ആത്മഹത്യയ്ക്ക് ദേവരാജ റെഡ്ഡിയാണ് കാരണമെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ എസ്ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശ്രാവണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ എട്ട് വര്‍ഷമായി തെലുങ്ക് ടിവി സീരിയലുകളില്‍ സജീവമാണ്. മൗനരാഗം, മനസു മമത തുടങ്ങിയ ജനപ്രിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടുന്നത്.