കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കു ദൃക്‌സാക്ഷിയായ രണ്ടു പേരുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നടന്‍ ദിലീപ്, ഒന്നാംപ്രതി സുനില്‍കുമാര്‍(പള്‍സര്‍സുനി) എന്നിവര്‍ ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷികളായവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ദിലീപ് നായകനായ ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇവരുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, പള്‍സര്‍ സുനിക്ക് നിയമസഹായം നല്‍കിയ പ്രതീഷ് ചാക്കോയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരുവരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
ദിലീപിന്റെ അറസ്റ്റിനു മുമ്പ് തന്നെ അപ്പുണ്ണി പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും അറസ്റ്റിനു തൊട്ടു പിന്നാലെ വിദഗ്ധമായി മുങ്ങിയെന്നാണ് അന്വേഷണസംഘത്തിന്റെ ഭാഷ്യം. കേസിന്റെ തുടര്‍നടപടികള്‍ക്ക് അപ്പുണ്ണിയുടെ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്.