ചണ്ഡിഗഡ്: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അടല്‍ തുരങ്കത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം നീക്കം ചെയ്തു. ഇതിനെതിരെ പ്രതിഷേധവുമായി ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഫലകം ഉടന്‍ തന്നെ പുനഃസ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പിസിസി അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന് അയച്ച കത്തില്‍ വ്യക്തമാക്കി.

തുരങ്കപാതയുടെ ശിലാസ്ഥാപനത്തിന് സ്ഥാപിച്ച ഫലകത്തിലാണ് സോണിയയുടെ പേരുള്ളത്. ഈ ഫലകമാണ് ഉദ്ഘാടനത്തിന് മുന്നോടിയായി നീക്കം ചെയ്തത്. 2010 ജൂണ്‍ 28ന് മണാലിയിലെ ധുണ്ഡിയില്‍ സോണിയാ ഗാന്ധിയായിരുന്നു തുരങ്കപാതയുടെ ശിലാസ്ഥാപനം നടത്തിയത്.

ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ സ്മരണാര്‍ത്ഥമാണ് തുരങ്കപാതക്ക് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയത്.