ആലപ്പുഴ: 1946 ഒക്‌ടോബറില്‍ നടന്ന പുന്നപ്രവയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് മുന്‍ എം.എല്‍.എ അഡ്വ. ഡി സുഗതന്‍. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഇടക്കാല കോണ്‍ഗ്രസ് ഗവണ്‍മെന്റ് 1946 സെപ്തംബര്‍ 2ന് നിലവില്‍ വരികയും ചെയ്തതിനു ശേഷം 52 ദിവസങ്ങള്‍ കഴിഞ്ഞാണ് പുന്നപ്ര വയലാര്‍ സംഭവങ്ങള്‍. ഇതെങ്ങനെ സ്വാതന്ത്ര്യ സമരമാകുമെന്ന് അദ്ദേഹം ചോദിച്ചു. അക്കാലത്ത് തിരുവിതാംകൂറിലാകെ ഉത്തരവാദ ഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തിയിരുന്നു. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിനെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിട്ടു. ഈ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുന്നപ്ര വയലാര്‍ സര്‍ സി.പിയുടെ അമേരിക്കന്‍ മോഡലിനെതിരെയായിരുന്നുവെന്നും സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നുവെന്നും പുത്തന്‍ കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. ഈ സമരങ്ങള്‍ ചെയ്തത് സ്‌റ്റേറ്റ് കോണ്‍ഗ്രസായിരുന്നു. പുന്നപ്ര വയലാര്‍ സമരകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒളിവിലായിരുന്നു. പാര്‍ട്ടിയെ അക്കാലത്ത് നിരോധിച്ചിരുന്നു. ഒരു വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുന്നപ്ര സംഭവങ്ങള്‍. പട്ടാള ഭരണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തെ പട്ടാളം വെടിവെച്ചതാണ് വയലാര്‍ സംഭവം. ഈ രണ്ടു സംഭവങ്ങളും ഒറ്റപ്പെട്ടവയായിരുന്നുവെന്ന് ചരിത്രകാരന്‍ കൂടിയായ ഡി സുഗതന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ 1150 കമ്മ്യൂണിസ്റ്റുകാര്‍ പ്രതിവര്‍ഷം 13 കോടി 52 ലക്ഷം രൂപ സ്വാതന്ത്യസമര പെന്‍ഷന്‍ എന്ന പേരില്‍ വാങ്ങുന്നുണ്ട്. അധാര്‍മ്മികമായ ഈ നടപടിയ്‌ക്കെതിരെ നീതി ന്യായപീഠം സ്വമേധയ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായി സുഗതന്‍ പറഞ്ഞു.