വാഷിങ്ടണ്‍: ‘വൃത്തിക്കെട്ട’ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിസന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയന്‍ രംഗത്ത്. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതക്കു നേരെ വംശീയ അധിക്ഷേപം നടത്തിയിരിക്കുകയാണെന്ന് യൂണിയന്‍ വക്താവ് പറഞ്ഞു. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യു.എസ് പാര്‍ലമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി ട്രംപ് ആഞ്ഞടിച്ചത്. എന്തിനാണ് ഇത്തരം വൃത്തിക്കെട്ട രാജ്യങ്ങളെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപിന്റെ ചോദ്യം.
ട്രംപ് മാപ്പു പറയണമെന്ന ഉറച്ച നിലപാടിലാണ് ആഫ്രിക്കന്‍ യൂണിയന്‍. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ട്രംപ് രംഗത്തെത്തി. താന്‍ നടത്തിയ പദപ്രയോഗം കഠിനമായിരുന്നു. എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടിലെ പോലെ താന്‍ അസഭ്യ വര്‍ഷം നടത്തിയിട്ടില്ലെന്നാണ് ട്രംപിന്റെ വിശദീകരണ ട്വീറ്റ്. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ വക്താവ് പ്രതികരിച്ചു.