Connect with us

Features

വേര്‍പാടിന് അരനൂറ്റാണ്ടിനിപ്പുറവും ഒളിമങ്ങാതെ; മലബാറിലെ രാഷ്ട്രീയ കാരണവര്‍ ഉപ്പിസാഹിബ്

Published

on

നൗഷാദ് അണിയാരം

പാനൂർ: 1929ലെ മദ്രാസ് നയനിർമാണ സഭ, ഒരുദിവസം സഭയിൽ ജന്മി-കുടിയാന്‍ പ്രശ്നവുമായി ബന്ധപ്പെട്ട നിയമം ചർച്ചയ്ക്ക് വന്നു. കുടിയാന്മാരുടെയും കൃഷിക്കാരുടെയും വിഷയം ഉന്നയിച്ചത് ജന്മം കൊണ്ട് ജന്മിപുത്രനായ സാക്ഷാൽ ഉപ്പി സാഹിബായിരുന്നു. കുടിയൊഴിപ്പിക്കലിനെ അദ്ദേഹം നഖശിഖാന്തം എതിർത്തു..

കേട്ടാലും കേട്ടാലും മതിവരില്ലായിരുന്നു ഉപ്പിസാഹിബിൻ്റെ പ്രസംഗം. കർഷക ജനതയെ ഇളക്കി മറിച്ച ജനനായകന്‍. 10 വർഷം തുടർച്ചയായി പാട്ടം കൊടുക്കുന്ന കുടിയാന്മാരെ ഒഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിലപാട് കെെകൊണ്ടപ്പോള്‍ ”നോ, നോ.. നൂറ് കൊല്ലം പാട്ടം കൊടുത്തില്ലെങ്കിലും പാട്ടക്കുടിയാനെ അവൻ്റെ ഭൂമിയിൽ നിന്ന് ഇറക്കി വിടരുതെന്ന് ഇടിവെട്ടും ഗാംഭീര്യത്തില്‍ ഗർജ്ജിക്കുകയായിരുന്നു ഉപ്പിസാഹിബ്. ഗവർണർ ആർച്ച് ബോൾഡ് നയി ക്ഷുഭിതനായി, അദേഹം ഉപ്പിസാഹിബിനോട് ചോദിച്ചു മിസ്റ്റർ ഉപ്പി നിങ്ങൾ കോട്ടാൽ തറവാട്ടിൽ നിന്നല്ലേ വരുന്നത്. അപ്പോൾ ഉപ്പി സാഹിബിന്റെ അതിന് മറുപടി ഇങ്ങിനെ.. എൻ്റെ തറവാടല്ല എൻ്റെ നിയമസഭയെന്നായിരുന്നു.
സ്വാതന്ത്യ സമര സേനാനിയും മലബാറിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന് അടിത്തറ പാകിയ നേതാക്കളിൽ പ്രമുഖനും അടിപതറിപോകുന്ന ഘട്ടത്തിൽ ഒരുജനതക്ക് ഊന്നുവടിയായി തീർന്ന മഹാപ്രതിഭയായിരുന്നു ഉപ്പിസാഹിബ്.

മദ്രാസ് അസംബ്ലിയിൽ മുസ്‌ലിംലീഗ് പാർട്ടി ലീഡറും മലബാറിലെ രാഷ്ട്രീയ കാരണവരുമായിരുന്നു കോട്ടാൽ ഉപ്പി സാഹിബ്. 1891ല്‍ പുന്നാട് എരിഞ്ഞാൽ കരുവാൻ വളപ്പിൽ (എ.കെ തറവാട് ) മായൻ അധികാരിയുടെയും കൂത്തുപറമ്പിനടുത്ത കോട്ടയത്തങ്ങാടിയിലെ കോട്ടാൽ കുഞ്ഞാമിനയുടെയും മകനായാണ് പ്രസിദ്ധമായ കോട്ടാൽ തറവാട്ടില്‍ ജനിച്ചത്. കുട്ടിക്ക് നല്‍കിയത് എ.കെ കുടുംബത്തിൻ്റെ സ്ഥാപകനും വല്യൂപ്പയുമായ വലിയ ഉപ്പിയുടെ പേരാണ്. മാതാപിതാക്കൾക്ക് ഏക സന്തതി.
തലശ്ശേരി ടൗൺ മാപ്പിള എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ബ്രണ്ണൻ ഹൈസ്കൂളിൽ ഇൻ്റർ മീഡിയറ്റിന് ചേർന്നു. ഇൻ്റർ മീഡിയറ്റിന് ശേഷം മദിരാശി മുഹമ്മദൻസ് കോളജിലായിരുന്നു തുടർപഠനം. ബ്രിട്ടീഷ് വിരുദ്ധ സമരത്തിൻ്റെ ഭാഗമായി വിദ്യാർഥികളോട് കോളജ് ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തപ്പോൾ മുഹമ്മദൻസിൽ നിന്ന് ആദ്യമായി കോളജ് വിട്ട് പുറത്തുവന്ന വിദ്യാർഥി നേതാവ് ഉപ്പി സാഹിബായിരുന്നു. രണ്ടാമതായി പുറത്ത് വന്നത് അന്ന് മദ്രാസ് കൃസ്ത്യൻ കോളജിൽ പഠിച്ചിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബായിരുന്നു.

1923ൽ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുത്ത ഉപ്പിസാഹിബിൻ്റെ അരങ്ങേറ്റം മലബാർ കലാപത്തെ കുറിച്ച് സംസാരിച്ചായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞതും രക്തപങ്കിലവുമായ അധ്യായമാണ് 1921 ആഗസ്തില്‍ തുടങ്ങി ആറുമാസക്കാലം നീണ്ടുനിന്ന കലാപം. പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ തെക്കെ മലബാറിൽ ഏറനാട്, വള്ളുവനാട്, പൊന്നാനി, പ്രദേശങ്ങൾ പ്രഭവകേന്ദ്രങ്ങളായി നടന്ന കലാപത്തിലും പൊലീസ്, പട്ടാള നരനായാട്ടിലും പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. അനാഥരും അശണരും അവശരുമായ നൂറുകണക്കിന് മാപ്പിള സ്ത്രീകളെയും കുട്ടികളെയും ആട്ടിൻപറ്റങ്ങളെ പോലെ പൊലീസിനെ കൊണ്ട് വേട്ടയാടി പിടിച്ച് അന്തമാനിലേക്ക് നിർബന്ധമായി കയറ്റുമതി ചെയ്യുന്ന നടപടി മദ്രാസ് സര്‍ക്കാര്‍ കെെകൊണ്ട സന്ദർഭമായിരുനു അത്.
മാപ്പിളതൊപ്പിയും ധരിച്ച് നിയമസഭയിൽ ഒരു കസേരയിൽ പതുങ്ങിയിരിക്കുകയായിരുന്ന ആ മെലിഞ്ഞ കുറിയ മനുഷ്യൻ ചാടിയെഴുന്നേറ്റ് സര്‍ക്കാര്‍ നടപടി അന്യായവും അനീതിയും നിന്ദ്യവും നിഷ്ഠൂരവുമാണെന്ന് അട്ടഹസിച്ച ചരിത്ര പശ്ചാത്തലവമുണ്ട് അന്നത്തെ പോരാട്ടത്തിന്. അധിക്ഷേപവും അവഹേളനവും നിറഞ്ഞ നടപടി മാപ്പിളമാര്‍ പൊറുക്കില്ലെന്ന അദ്ദേഹത്തിൻ്റെ പ്രഗത്ഭമായ പ്രസംഗം മദ്രാസിലെ ബ്രീട്ടീഷ് അധികാരികളെ ഞെട്ടിക്കുകതന്നെ ചെയ്തു. പ്രക്ഷുബ്ദമായിരുന്നു നിയമസഭയിലെ ആ രംഗം. ‘അപകടകാരിയായ കൊച്ചുമനുഷ്യൻ’ എന്നാണ് ഉപ്പിസാഹിബിനെ കുറിച്ച് യൂറോപ്യനായ ഹോ മെമ്പർ അന്ന് പ്രസ്താവിച്ചത്.

1930ല്‍ സ്വരാജ് പാർട്ടിയുടെ സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും തെരഞ്ഞെെടുത്തു ഉപ്പി സാഹിബിനെ. ഇതേവർഷം തന്നെ സഹപ്രവർത്തകരോടൊപ്പം കേരള മുസ്‌ലിം മജ്ലിസ് സ്ഥാപിച്ചു. മജ്ലിസിൻ്റെ സെക്രട്ടറി സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു.1937ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും സെൻട്രൽ അസംബ്ലിയിലേക്കും അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടിടത്തും എതിരില്ലായിരുന്നു. മുസ്‌ലിം വ്യക്തി നിയമം, ഉദ്യോഗത്തിലെ മുസ്‌ലിം പ്രാധിനിത്യം, മാപ്പിള തടവുകാരുടെ മോചനം, ജയിലിൽ അവർക്ക് മതിയായ സൗകര്യം ഒരുക്കൽ, മലബാറിൽ ആർട്സ് കോളജും അറബിക്ക് കോളജും സ്ഥാപിക്കൽ, മദ്യനിരോധനം, മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഉൾപടെ വിവിധ വിഷയങ്ങളില്‍ ഉപ്പിസാഹിബ് വീറോടെ വാദിച്ചു.

1947ൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ അദ്ദേഹം സ്വാതന്ത്യത്തിന് ശേഷം 1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ തിരൂരിൽ നിന്ന് മുസ്‌ലിം ലീഗ് ടിക്കറ്റിൽ മദിരാശി നിയമസഭയിലേക്ക് തെരഞ്ഞെടുത്തു. കോട്ടയം മലബാറിലെ നേതാവ് തീരദേശ പട്ടണമായ തിരൂരിൽ നിന്ന് ജയിച്ചു കയറുകയായിരുന്നു. എതിർ സ്ഥാനാർഥി കമ്യൂണിസ്റ്റുാരനും പാർട്ടിയുടെ താത്ത്വികാചാര്യനും നാട്ടുകാരനുമായ കെ ദാമോദരന് കെട്ടിവെച്ച തുകയും നഷ്ടമായി. വടക്കെ മലബാറുകാരായ പോക്കർ സാഹിബും ഉപ്പിസാഹിബും എങ്ങനെ മലപ്പുറത്തുകാർക്കും തിരൂർകാർക്കും പ്രിയപ്പെട്ടവരായെന്ന കാര്യം അന്വേഷിച്ചാലറിയാം ഇരുവരുടെയും ഉജ്വലമായ സേവന ചരിത്രം. മാപ്പിളനാടിനെ പിച്ചിചീന്തിയ മലബാർ കലാപനന്തരം പാവപ്പെട്ടവർക്ക് ആശ്വാസമായി മദിരാശി കേന്ദ്രമായി പ്രവർത്തിച്ച മാപ്പിള അമലിയറേഷൻ കമ്മിറ്റി നേതാക്കൾ ഇവരായിരുന്നു. കലാപാനന്താരം പട്ടിണിയിലേക്കും അരക്ഷിതത്വത്തിലേക്കും എടുത്തെറിഞ്ഞ മാപ്പിള മക്കൾക്ക് സഹായമെത്തിക്കാനും കേസുകൾ നടത്താനും ഓടിനടന്നത് പോക്കറും ഉപ്പിയുമായിരുന്നു.
മദ്രാസ് അസംബ്ലിയിൽ സമാജികനായി തുടർന്ന ഉപ്പിസാഹിബ് പിന്നീട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞു.

ഖിലാഫത്ത്, കോൺഗ്രസ്, മുസ്‌ലിം ലീഗ് എന്നീ ജനകീയ സംഘടനകളിലൂടെ വളർന്നു വന്ന ഉപ്പി സാഹിബ് കേരള മുസ്‌ലിം മജ്ലിസ് സെക്രട്ടറി, മദിരാശി നിയമസഭ മുസ്‌ലിം ലീഗ് പാർട്ടി ലീഡർ, പാര്‍ട്ടി ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പ്രസിഡന്റ്, കൂത്തുപറമ്പ്-കോട്ടയം താലൂക്ക് പ്രസിഡന്റ്, തലശ്ശേരി മുസ്‌ലിം ലിറ്ററേച്ചർ സൊസൈറ്റി മാനേജിംഗ് ഡയറക്ടർ തുടങ്ങി തൻ്റെ കർമ മണ്ഡലം സമ്പന്നമാക്കിയ ഉപ്പിസാഹിബ് തൻ്റെ ആത്മ മിത്രം കെ.എം സീതി സാഹിബിനും സഹപ്രവർക്കർക്കുമൊപ്പം 1937ൽ തലശ്ശേരിയിൽ നിന്ന് ചന്ദ്രികയുടെ പിറവിക്കായും വലിയപങ്ക് വഹിച്ചിരുന്നു.ജീവിതകാലത്ത് തന്നെ സ്വയം ഒരു ഇതിഹാസമായി മാറിയ ചരിത്ര പുരുഷൻ 1972 മെയ് 11നാണ് അന്തരിച്ചത. പരേതയായ കയ്യുമയാണ് ഭാര്യ, മക്കൾ:- മായൻ, മുഹമ്മദലി, ഇബ്രാഹിം കുട്ടി, കുഞ്ഞാമി, കുഞ്ഞിപ്പാത്തു.

ഉപ്പിസാഹിബിൻ്റെ വേർപാടിന് അരനൂറ്റാണ്ട് പിന്നിട്ട ഈ വേളയിൽ അദ്ദേഹത്തിൻ്റെ പേരിൽ ജന്മദേശമായ കോട്ടയം അങ്ങാടിയിൽ സ്മാരക മന്ദിരത്തിന് ശിലപാകിയിരിക്കുകയാണ് ആവേശനിറവില്‍ പുതിയകാലത്തെ ലീഗിന്‍ പടയണി. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് പൊതു പ്രവർത്തക പുരസ്കാരം ഏർപ്പെടുത്തിയതും ഓര്‍മദിനത്തിന് മാറ്റുകൂട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്ന് പുതിയ പഠനം

Published

on

പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മോണ്‍ട്രില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെതാണ് പുതിയ കണ്ടുപിടിത്തം.

ജേണല്‍ സെല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളില്‍ വിറ്റാമിന്‍ കെ യുടെ വലിയ തോതിലുള്ള അളവു കണ്ടെത്തി. രക്തത്തില്‍ ബീറ്റ സെല്ലുകളുടെ എണ്ണത്തിലെ കുറവോ അല്ലെങ്കില്‍ അവയ്ക്ക് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുകയോ ചെയ്യുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. കൂടാതെ ഇആര്‍ജിപി എന്ന പുതിയ ഗാമാ-കാര്‍ബോക്‌സിലേറ്റഡ് പ്രോട്ടീന്‍ തിരിച്ചറിയാന്‍ സാധിച്ചതായും സംഘം വ്യക്തമാക്കി. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നത് തടസപ്പെടുത്താതിരിക്കാന്‍ ബീറ്റാ കോശങ്ങളിലെ കാല്‍ഷ്യത്തിന്റെ ഫിസിയോളജിക്കല്‍ ലെവല്‍ നിലനിര്‍ത്തുന്നതില്‍ ഈ പ്രോട്ടീന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗാമാ-കാര്‍ബോക്‌സിലേഷനിലൂടെ വിറ്റാമിന്‍ കെ ഇആര്‍ജിപിയുടെ പ്രവര്‍ത്തനത്തിന് വളരെ പ്രധാനമാണെന്ന് കണ്ടെത്തി.15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു പുതിയ വിറ്റാമിന്‍ കെ-ആശ്രിത പ്രോട്ടീന്‍ കണ്ടെത്തുന്നത്.

Continue Reading

Environment

കേരളം ഉൾപ്പടെ 4 സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ബുധനാഴ്ച ആരംഭിക്കും

2017 ലാണ്‌ ഏറ്റവുമൊടുവിൽ കേരളത്തിലെ കാട്ടാനകളുടെ കണക്കെടുത്തത്‌.

Published

on

കേരളത്തിലെ കാടുകളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ബുധനാഴ്ച ആരംഭിക്കും. വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ 17 മുതൽ 19 വരെയാണ്‌ ആനകളുടെ കണക്കെടുപ്പ്‌ നടത്തുന്നത് . അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കും. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ്‌ ഒന്നിച്ച്‌ കണക്കെടുക്കാൻ ഈ സംസ്ഥാനങ്ങളിലെ വനം വന്യജീവി വകുപ്പുകളുടെ തീരുമാനം.സംസ്ഥാനത്ത്‌ പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട്‌ ആന സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണ്‌ കണക്കെടുപ്പ്‌ നടക്കുക.

ഇത്തവണ ഭൂപടവും ആപ്പും ഉപയോഗിച്ചാണ് കണക്കുകൾ രേഖപ്പെടുത്തുക.കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാൻ, കൂട്ടം, കുട്ടികൾ, മുതിർന്ന ആന എന്നിവയുടെ വിവരം രേഖപ്പെടുത്തും. ഇതിനായി വനം വകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.മൂന്ന്‌ ദിവസങ്ങളിലായി മൂന്ന്‌ രീതിയിലാണ്‌ പരിശോധന നടക്കുക. ആദ്യദിവസം ബ്ലോക്ക്‌ തിരിച്ച്‌ കാട്ടാനകളെ നേരിട്ട്‌ കണ്ട്‌ കണക്കെടുക്കും, രണ്ടാമത്തെ ദിവസം ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കെടുപ്പും , അവസാന ദിവസം ജലസ്രോതസുകളിൽ ആനകളുടെ കാൽപ്പാടുകൾ പരിശോധിച്ചുമാണ് കണക്കെടുപ്പ് പൂർത്തിയാക്കുക. കണക്കെടുപ്പിന്റെ വിവരങ്ങൾ ജൂലായിൽ പുറത്തു വിടും.ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനാണ്‌ സംസ്ഥാനത്ത്‌ കണക്കെടുപ്പിന്‌ മേൽനോട്ടം വഹിക്കുക.2017 ലാണ്‌ ഏറ്റവുമൊടുവിൽ കേരളത്തിലെ കാട്ടാനകളുടെ കണക്കെടുത്തത്‌. അന്ന് 5706 കാട്ടാനകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കായിരുന്നു ഇത്.

Continue Reading

Features

പത്തനംതിട്ടയിൽ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദനമറിയിച്ചു.

Published

on

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ഇനി ശിശുക്ഷേമ സമിതി സംരക്ഷിക്കും. നവജാത ശിശുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് വനിത ശിശുവികസന വകുപ്പിന് കൈമാറി. കുഞ്ഞിന്റെ പരിചരണത്തിനായി കെയര്‍ ഗിവറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളുടെ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചാണ് വിദഗ്ധ ചികിത്സ നല്‍കിയത്.നവജാത ശിശുവിനെ ജീവിതത്തിലേത്ത് കൈപിടിച്ചുയര്‍ത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനും ആരോഗ്യവകുപ്പ് മന്ത്രി അഭിനന്ദനമറിയിച്ചു.

Continue Reading

Trending