തിരുവനന്തപുരം: സ്ത്രീകളെ വീഡിയോകളിലൂടെ അപമാനിച്ചതിന് വനിതാ സംഘത്താല്‍ അക്രമിക്കപ്പെട്ട അശ്ലീല യു ട്യൂബര്‍ വിജയ് പി നായര്‍ക്ക് എതിരെ വീണ്ടും പരാതി. യു ട്യൂബ് വീഡിയോകളിലൂടെ സൈനികരെ അപമാനിച്ചെന്നാണ് പുതിയ പരാതി. ഇത് ചൂണ്ടിക്കാട്ടി തലസ്ഥാനം ആസ്ഥാനമായുള്ള സൈനികരുടെ സംഘടന വീഡിയോ ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

അതേസമയം, നിലവില്‍ ആദ്യ കേസില്‍ തന്നെ ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വിജയ് പി നായര്‍ അറസ്റ്റിലാണ്. ഭാഗ്യലക്ഷ്മിയടക്കം നല്‍കിയ പരാതിയില്‍ അശ്ലീല യു ട്യൂബറെ കഴിഞ്ഞദിവസം വീട്ടില്‍ നിന്നാണ്് പൊലീസ് അറസ്റ്റ് ചെയ്തത്. സൈനികര്‍ അതിര്‍ത്തിയില്‍ കഴിയുന്നവരാണ് എന്നതിനാല്‍ അവര്‍ക്ക് സ്ത്രീകളുടെ സാമീപ്യം ഇല്ലെന്നും അതിനാല്‍ തന്നെ പല തരത്തിലുള്ള വൈകൃതങ്ങള്‍ക്ക് ഇവര്‍ അടിമകളാണെന്നുമുള്ള, വിജയ് പി നായരുടെ പരാമര്‍ശമാണ് പുതിയ കേസിന് കാരണമായത്. വിജയ് പി നായര്‍ പോസ്റ്റ് ചെയ്ത വീഡിയോകളും യു ട്യൂബ് ചാനലും നേരത്തെ നീക്കം ചെയ്തിരുന്നു.