ചെന്നൈ: ജയലളിതയുടെ വിയോഗത്തിന് പിന്നാലെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി തോഴി ശശികല വന്നേക്കും. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ് ശശികലയോട് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. അതേസമയം ശശികല ജനറല്‍ സെക്രട്ടറി ആവുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി. പോയസ് ഗാര്‍ഡനില്‍ എത്തിയാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് പിടിച്ചുനീക്കി.

ഗൗതമിയുടെ കത്ത് തമിഴ് ജനതയുടെ സംശയമാണെന്നും ജയയുടെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, സര്‍ക്കാരിലും പാര്‍ട്ടിയിലും ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കി. അധികം വൈകാതെ തന്നെ ബന്ധുക്കളെ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികാരത്തിലെത്തും മുമ്പ് ശുദ്ധികലശം നടത്താനാണ് ശശികല ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ പന്നീര്‍സെല്‍വത്തെയാണ് മുഖ്യമന്ത്രിയായി നിയമിച്ചത്.

പന്നീര്‍സെല്‍വത്തിന്റെ മുഖ്യമന്ത്രി സ്ഥാനം താല്‍ക്കാലികമായേക്കും. ശശികല പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് എത്തുന്നതിനോട് ഒരു വിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. അതിനിടെയാണ് ജയയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് നടി ഗൗതമി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.