ആലപ്പുഴ: സൗമ്യയെ കൊന്നശേഷം ആത്മഹത്യയായിരുന്നുവെന്ന് ലക്ഷ്യമെന്ന് അജാസിന്റെ മൊഴി. ഇന്നലെ രാത്രിയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ അജാസ് മൊഴി നല്‍കിയത്.

ആത്മഹത്യയായിരുന്നു ലക്ഷ്യം. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പറഞ്ഞു.

സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് നേരത്തേ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. അജാസിന്റെ സൗഹൃദം ശല്യമായി മാറിയതോടെ സൗമ്യ ഇയാളുടെ നമ്പര്‍ ബ്‌ളോക്ക് ചെയ്തതാണ് വൈരാഗ്യത്തിനു കാരണമെന്നും പൊലീസ് കരുതുന്നു. ആലപ്പുഴ മെഡി. ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അജാസ്.

സൗമ്യ തന്നെ ഒഴിവാക്കുന്നതായി തോന്നിയ അജാസ് വള്ളികുന്നത്തെ വീട്ടിലെത്തി സൗമ്യയെ മര്‍ദ്ദിച്ചിരുന്നതായും വള്ളികുന്നം എസ്.ഐയെ ഇക്കാര്യം അറിയിച്ചിരുന്നതായും മാതാവ് ഇന്ദിര അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇരുവരും സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായും ഇന്ദിര മൊഴി നല്‍കി. എന്നാല്‍ ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് വള്ളികുന്നം എസ്.ഐ പറഞ്ഞു.

സൗമ്യയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാല്‍ പെട്ടെന്നുതന്നെ സൗമ്യ സ്‌കൂട്ടറില്‍ പുറത്തേക്കു പോയി. ഇതോടെയാണ് കാര്‍ ഇടിച്ച് വീഴ്ത്തിയത്. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാള്‍ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേല്പിച്ചു. കാറില്‍ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു.