തിരുവനന്തപുരം: ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന്‍ തിരികെയെത്തുന്നതിന് സാധ്യത. സംഭാഷണം പുറത്തുവിട്ട ചാനല്‍ സി.ഇ.ഒ ഇന്നലെ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഉടലെടുത്തത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ശശീന്ദ്രനെ പിന്തുണക്കുന്നുണ്ട്.

എന്‍.സി.പി നേതാക്കള്‍ രാവിലെ 9.30ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. അതിന് ശേഷം രാജിയെക്കുറിച്ചും പുതിയ മന്ത്രിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫിന്റെ അടിയന്തിരയോഗം 11.30നും ചേരും. ഈ യോഗത്തില്‍ ശശീന്ദ്രന്റെ തിരിച്ചുവരവില്‍ തീരുമാനമുണ്ടാകും.

മന്ത്രിസ്ഥാനത്തേക്ക് കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടിയെയാണ് പരിഗണിച്ചിരുന്നത്. ഇതിന് പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കണം എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പാണ് ചാനലിന്റെ ഖേദപ്രകടനമെത്തിയത്. തുടര്‍ന്നാണ് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള ചര്‍ച്ചകള്‍ കൊഴുത്തത്. ചാനലിന് നന്ദിയുണ്ട്. മന്ത്രിയാകണോ വേണ്ടയോ എന്ന് പാര്‍ട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടേയെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.