റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് അല്‍ ഖ്വയ്ദയുടെ ഭീഷണി. രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കുന്ന പുരോഗമനപരമായ പരിഷ്‌കാരങ്ങളാണ് അല്‍ ഖ്വയ്ദയെ പ്രകോപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍ നിയമനം. പര്‍ദ്ദ ധരിക്കുന്നതില്‍ ഇളവ് തുടങ്ങി സാമൂഹ്യ രംഗത്ത് നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടപ്പാക്കിയത്. ഇതാണ് അല്‍ ഖ്വയ്ദയെ ചൊടിപ്പിച്ചത്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപദ്വീപിലുള്ള ഗ്രൂപ്പായ അഖാപാണ് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഭീഷണിയുമായി രംഗത്ത് വന്നരിക്കുന്നത്. ഇതോടെ രാജ്യത്ത് സുരക്ഷ കര്‍ശനമാക്കി. തീവ്രവാദ ഗ്രൂപ്പിലെ ഏറ്റവും അപകടകരമായ ഒരു വിഭാഗമായിട്ടാണ് അഖാപിനെ കണാക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സഊദിയില്‍ പാപകരമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് തീവ്രവാദ സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. രാജകുമാരന്റെ കീഴില്‍ രാജ്യത്ത് പള്ളികള്‍ക്കു പകരം സിനിമാ തിയേറ്ററുകള്‍ പണിയുന്നു. മതേതര വാദികളുടെയും അവിശ്വാസികളുടെയും നിശീരവാദികളുടെയും മൂല്യങ്ങള്‍ നഷ്ടമായ പദ്ധതികളാണ് സൗദിയില്‍ നടപ്പാക്കി വരുന്നത്. മതപുരോഹിതരുടെ ഗ്രന്ഥങ്ങളെ തള്ളികളഞ്ഞു കൊണ്ടാണിതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

സഊദിയിലെ തീര നഗരമായ ജിദ്ദയില്‍ ഏപ്രില്‍ മാസത്തില്‍ നടന്ന ഡബ്യൂ.ഡബ്യൂ.ഇ റായല്‍ റംബ് എന്ന പരിപാടിയെയും തീവ്രവാദ സംഘടന എതിര്‍ത്തു. യുവ മുസ്‌ലീം സമൂഹത്തിന് മുമ്പില്‍ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന വിദേശികളായ അവിശ്വാസി ഗുസ്തികാര്‍ തങ്ങളുടെ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പരിപാടി നടത്തിയതെന്നും വിമര്‍ശനത്തില്‍ പറയുന്നു. എല്ലാ രാത്രിയിലും സംഗീത കച്ചേരികളും സിനിമകളും സര്‍ക്കസ്സുകളും ഇവിടെ നടക്കുകയാണെന്നും ഭീകര സംഘടന പറയുന്നു.