സ്വര്‍ണ നിറമുള്ള വിളക്ക് കാണിച്ച് അലാവുദ്ദീന്റെ അല്‍ഭുത വിളക്കാണെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ രണ്ടു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒരു ഡോക്ടറാണ് തട്ടിപ്പിനിരയായത്. അറബിക്കഥയിലെ അലാവുദ്ദീന്റെ അല്‍ഭുത വിളക്കാണെന്നും നമ്മുടെ ഏതാഗ്രഹവും സാധിപ്പിച്ചു തരുമെന്നും പറഞ്ഞ് ഡോക്ടറില്‍ നിന്ന് പ്രതികള്‍ 31 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വിളക്കിന് പുറത്ത് തിരുമ്മിയാല്‍ നാം ഉദ്ദേശിച്ച ആഗ്രഹം സാധിച്ചു തരുന്ന ജിന്ന് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതായാണ് കഥയിലുള്ളത്. ഡോക്ടറെ വിശ്വസിപ്പിക്കാന്‍ ഒരു ‘ജിന്നിനെ’യും ഇവര്‍ ഏര്‍പ്പാടാക്കിയിരുന്നു.

ഇക്രാമുദ്ദീന്‍, അനീസ് എന്നീ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് ഡോ. എല്‍എ ഖാന്‍ ഒക്ടോബര്‍ 25 പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. ഇരുവരുടെയും അമ്മയെന്നവകാശപ്പെട്ട ഒരു സ്ത്രീയെ ചികിത്സിക്കുന്നതിനായി വീട്ടില്‍ കൂട്ടിക്കൊണ്ടു പോയതു വഴി ഡോക്ടറുമായി പരിചയത്തിലായിരുന്നു. ഈ പരിചയം തട്ടിപ്പിനു വേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു.

ചികിത്സയുടെ ഭാഗമായി വീട്ടിലെത്തിയിരുന്ന ഡോക്ടറോട് അദ്ഭുതസിദ്ധികളുള്ള ബാബയെകുറിച്ച് സ്ഥിരമായി ഇവര്‍ പറയാനാരംഭിച്ചു. ബാബയെ കാണാനും ഇവര്‍ ഡോക്ടറെ നിര്‍ബന്ധിക്കാനാരംഭിച്ചു. അവസാനം ബാബയെ സന്ദര്‍ശിച്ചതായി ഡോക്ടര്‍ പരാതിയില്‍ പറഞ്ഞു. പിന്നീട് ഇവര്‍ ഡോക്ടടറുടെ മുമ്പില്‍ വിളക്കുമായെത്തി. ഒന്നരക്കോടി രൂപയാണ് ഇവര്‍ അദ്ഭുതവിളക്കിന് പ്രതിഫലമായി ആവശ്യപ്പെട്ടത്. അവസാനം 31 ലക്ഷം രൂപക്ക് വിളക്ക് നല്‍കാമെന്ന് സമ്മതിച്ചു.

ഒരു തവണ അലാവുദ്ദീനെ കണ്ടതായും ഡോക്ടര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരാള്‍ തന്നെയാണ് അലാവുദ്ദീനായി വേഷമിട്ട് തന്റെ മുന്നിലെത്തിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഘം മറ്റു പല വീടുകളിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഘത്തിലെ ഒരു സ്ത്രീയെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.