ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയില്‍ തനിക്ക് അംഗത്വം ലഭിച്ചത് കേരളത്തിനുള്ള അംഗീകാരമാണെന്ന് നിയുക്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായി പ്രവര്‍ത്തിക്കും. സംസ്ഥാനത്തിനു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉറപ്പിക്കുകയും കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരികയും ചെയ്യുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും കണ്ണന്താനം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് തനിക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്ന് കണ്ണന്താനം വെളിപ്പെടുത്തി. ഞായറാഴ്ച കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി യാത്രയിലായിരുന്ന തന്നോട് ഡല്‍ഹിയിലേക്ക് തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം ആറു മണിയോടെ പ്രധാനമന്ത്രി വിളിച്ചു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത് ഇതാദ്യമല്ല. ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് നിയോഗിക്കുന്നതായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചറിയിച്ചെങ്കിലും അവസാന നിമിഷം കണ്ണന്താനത്തെ ഒഴിവാക്കുകയായിരുന്നു.