ന്യൂഡല്‍ഹി: ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞപ്പോള്‍ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിക്കാന്‍ നല്‍കിയത് 3000 കോടിയോളം രൂപ.

മറാത്തി പത്രമായ ലോക്‌സത്തയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലാഭവിഹിതത്തില്‍ നിന്ന് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിലിറ്റി ഫണ്ടായി (സി.എസ്.ആര്‍) ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 900 കോടി, ഒഎന്‍ജിസി 500 കോടി, ഭാരത് പെട്രോളിയം 250 കോടി, ഓയില് ഇന്ത്യ കോര്‍പറേഷന് 250 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് 250 കോടി, പവര്‍ ഗ്രിഡ് 125 കോടി, ഗുജറാത്ത് മിനറല്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 100 കോടി, എഞ്ചിനിയേഴ്‌സ് ഇന്ത്യ 50 കോടി, പെട്രോനെറ്റ് ഇന്ത്യ 50 കോടി, ബാല്‍മര്‍ 50 കോടി എന്നിങ്ങനെയാണ് പ്രതിമയ്ക്ക് ഫണ്ട് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുമ്പോള്‍, അതിന് കാരണമായി പറഞ്ഞിരുന്നത് കക്കൂസ് നിര്‍മാണം ആയിരുന്നു. നേരത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. ഇന്ധന വിലവര്‍ദ്ധനവ് സര്‍ക്കാരിന്റെ മനപ്പൂര്‍വ്വമുള്ള തീരുമാനമാണെന്നും രാജ്യത്ത് 67 ശതമാനം ആളുകള്‍ക്കും ശൗചാലയങ്ങള്‍ ഇല്ല. ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും, എല്ലാവര്‍ക്കും വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനും, ദേശീയപാതകള്‍ നിര്‍മ്മിക്കാനുമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയ സിഎസ്ആര്‍ ഫണ്ട് ഫലത്തില്‍ രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമായി വരുമെന്നിരിക്കെ പ്രതിമ നിര്‍മ്മിച്ച നടപടി ഇതോടെ കൂടുതല്‍ വിവാദത്തിന് വഴിയൊരുക്കി. ഗുജറാത്തിലെ നര്‍മദാ നദീതീരത്താണ് 182 മീറ്റര്‍ ഉയരമുള്ള സര്‍ദാല്‍ പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോല്‍ം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് സിഎസ്ആര്‍ ഫണ്ട് ‘സ്റ്റാച്യൂ ഫോര്‍ യൂണിറ്റി’യുടെ നിര്‍മാണത്തിനായി കൈമാറിയെന്ന് കണ്ടെത്തിയത്.