മെഗാഹിറ്റായ ‘പ്രേമം’ സിനിമയുടെ സംവിധായന്‍ അല്‍ഫോന്‍സ് പുത്രന്‍ പിതാവായി. ഭാര്യ അലീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് അറിയിച്ചത്.

‘ഞാന്‍ അച്ഛനായി. എന്റെ ഭാര്യ അമ്മയായി. മകന്‍ ആണ്. ഇന്നുച്ചക്കാണവന്‍ പിറന്നത്. ഈ സന്തോഷം എങ്ങനെ എഴുതുമെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്ക് മനസ്സിലാവുമെന്ന് കരുതുന്നു’ – അല്‍ഫോന്‍സിന്റെ വാക്കുകള്‍.

നിവിന്‍ പോളി – നസ്രിയ ജോടിയെ വെച്ച് സംവിധാനം ചെയ്ത ‘നേരം’ എന്ന മലയാളം-തമിഴ് ചിത്രത്തിലൂടെയാണ് അല്‍ഫോന്‍സ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചത്. പ്രേമത്തിന്റെ വന്‍ വിജയത്തിനു ശേഷം 2015 ഓഗസ്റ്റിലാണ് ദീര്‍ഘകാല സുഹൃത്തായ അലീനയെ അല്‍ഫോന്‍സ് പുത്രന്‍ ജീവിത സഖിയാക്കിയത്.

രണ്ടാമത്തെ ചിത്രമായ പ്രേമം കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ തരംഗമാണ് സൃഷ്ടിച്ചത്. നാഗചൈതന്യ നായകനാകുന്ന പ്രേമത്തിന്റെ തെലുങ്ക് റീമേക്ക് ഉടന്‍ പുറത്തിറങ്ങും.

ബോളിവുഡില്‍ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണെന്ന് ഈയിടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അല്‍ഫോന്‍സ് പുത്രന്‍ സൂചിപ്പിച്ചിരുന്നു.