ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ രാഷ്ട്രീയം കളിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷക പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് കെജ്രിവാള്‍ എത്തിയതിന് പിന്നാലെയാണ് അമരീന്ദറിന്റെ പരാമര്‍ശം. കേജ്രിവാള്‍ സേവാദാര്‍ എന്ന് സ്വയം വിശേഷിപ്പിച്ചതിനെ അമരീന്ദര്‍ രൂക്ഷമായി പരിഹസിച്ചു.

കെജ്രിവാള്‍ താഴ്ന്ന നിലയിലുള്ള രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അമരീന്ദര്‍ ആരോപിച്ചു. ഗോതമ്പിന്റെയും നെല്ലിന്റെയും വ്യത്യാസമറിയാത്ത ആളാണ്. പിന്നെങ്ങനെയാണ് അദ്ദേഹം കര്‍ഷക സമരത്തിന് പിന്തുണ നല്‍കുക? കള്ളം പറയുന്ന ശീലമുള്ള ഡല്‍ഹി മുഖ്യമന്ത്രിയെ വിശ്വസിക്കാനാകില്ല. കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ ഒരു കാര്യമെങ്കിലും കേജ്രിവാളിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കാര്‍ഷിക ബില്ലിന് ഭേദഗതി വരുത്താന്‍ ശ്രമിക്കാതിരുന്ന നിലപാടിനെ അമരീന്ദര്‍ ചോദ്യം ചെയ്തു. സെപ്റ്റംബര്‍ മുതല്‍ നടന്ന ഒരു സമരങ്ങളിലും കേജ്‌രിവാള്‍ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച അമരീന്ദറിനെതിരെ ആരോപണവുമായി കേജ്രിവാളും രംഗത്തെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയെപ്പോലെ സ്റ്റേഡിയങ്ങള്‍ തടവറകളാക്കി ഉപയോഗിക്കാത്തതു കൊണ്ടാണ് അമരീന്ദറിനു തന്നോട് വിരോധമെന്നായിരുന്നു കേജ്രിവാള്‍ പറഞ്ഞത്.