ന്യൂഡല്‍ഹി: ‘ഭാര്യയുടെ ചെലവിലാണ് ഇപ്പോള്‍ ജീവിച്ചുപോവുന്നത്. മകനോട് പോലും കടം വാങ്ങേണ്ടി വന്നു. കോടതി ചെലവിന് പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടി വന്നു’- റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടനിലെ കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി ‘ദുരവസ്ഥ’ വിവരിച്ചത്.

ഇത്തരത്തില്‍ നിത്യചെലവിന് പോലും ഭാര്യയേയും മകനേയും ആശ്രയിക്കേണ്ടി വരുന്ന അനില്‍ അംബാനിക്കാണ് മോദി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മുപ്പതിനായിരം കോടി രൂപയുടെ തുടര്‍കരാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച റഫേല്‍ കരാറില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) മാറ്റിക്കൊണ്ടാണ് മോദി സര്‍ക്കാറും ഫ്രാന്‍സുമായുള്ള കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത്. പ്രതിരോധ നിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്എഎല്ലിനെ മാറ്റി ഈയിടെ മാത്രം രൂപീകൃതമായ അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയത്. യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ 2016ല്‍ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്‍ വിമാനങ്ങളുടെ വില അനാവശ്യമായി വര്‍ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്‍ മോദിയുടെ ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

അനില്‍ അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്‍സിന് പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. അനില്‍ അംബാനിയെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് മോദി കോടിക്കണക്കിന് രൂപയുടെ കരാര്‍ അംബാനിക്ക് കോടുത്തതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത്തരത്തില്‍ സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന ഒരാള്‍ക്കാണ് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ കരാര്‍ കൈമാറിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അനില്‍ അംബാനിയെ സഹായിക്കാന്‍ സഹോദരനും മോദിയുടെ സുഹൃത്തുമായി മുകേഷ് അംബാനിയുടെ നിര്‍ദേശപ്രകാരമാണ് റഫാല്‍ കരാറില്‍ അനില്‍ അംബാനിയെ ഉള്‍പ്പെടുത്തിയതെന്നാണ് വിവരം. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍.