കൊച്ചി: അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാത്തത് അവരുടെ തീരുമാന പ്രകാരമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് മോഹന്‍ലാലിന്റെ ഈ മറുപടി. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ല. പലരും വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞതെന്ന്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ യോഗത്തിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു കാര്യവും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കാന്‍ സംഘടന നേതൃത്വം തയ്യാറായില്ല. കരട് നിര്‍ദേശങ്ങളില്‍ ഡബ്ല്യു.സി.സി അംഗങ്ങളുടെ എതിര്‍പ്പ്, അക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം ചര്‍ച്ച ചെയ്ത നിര്‍ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മോഹന്‍ലാലിനോ സംഘടന നേതൃത്വത്തിനോ വ്യക്തമായ ഉത്തരമുണ്ടായില്ല. അക്രമിക്കപ്പെട്ട നടിയടക്കം സംഘടനയില്‍ നിന്ന് രാജി വച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കാനാവൂ എന്നതാണ് നിലവിലുള്ള ഭരണഘടനാ നിയമമെന്ന് സംഘടന ട്രഷറര്‍ ജഗദീഷ് പറഞ്ഞു. അങ്ങനെ തിരിച്ചെടുക്കുമ്പോള്‍ അംഗത്വ ഫീസ് വാങ്ങരുതെന്ന നിര്‍ദേശം നടന്‍ മമ്മൂട്ടി വച്ചെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എതിര്‍ത്തതോടെ ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നതയും പുറത്തായി. ഇനി അമ്മയുടെ ഔദ്യോഗിക വക്താവ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാലായിരിക്കുമെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചു. നേരത്തെ സംഘടനയുടെ വക്താക്കളാണെന്ന തരത്തില്‍ രണ്ടഭിപ്രായം പറഞ്ഞ് സിദ്ദിഖും ജഗദീഷും തമ്മില്‍ വാക്‌പോരുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഔദ്യോഗിക വക്താവിനെ തെരഞ്ഞെടുത്തത്. സ്തുത്യര്‍ഹ്യമായ സേവനം അനുഷ്ഠിച്ച അംഗങ്ങളുടെ കൂട്ടത്തില്‍ നടന്‍ തിലകനെ ഉള്‍പ്പെടുത്തിയതായും നേതൃത്വം അറിയിച്ചു.