വഡോദര: അമുല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ്. പന്ത്രണ്ടില്‍ എട്ടു സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസിന്റെ ജയം. ബി.ജെ.പി നാലു സീറ്റ് നേടി. രണ്ട് എംഎല്‍എമാര്‍ തോറ്റത് പാര്‍ട്ടിക്ക് വന്‍ ആഘാതമായി. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ചയായിരുന്നു അമുല്‍ ഡയറി(കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡ്) തെരഞ്ഞെടുപ്പ് നടന്നത്.

ഒരു സീറ്റില്‍ ബിജെപി നേതാവ് രാംസിങ് പാര്‍മര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 11 ബ്ലോക്കുകളെ പ്രതിനിധീകരിച്ചുകൊണ്ടുളളതാണ് 11 സീറ്റുകള്‍. അമുല്‍ ഡയറി സൊസൈറ്റി ഡിപ്പാര്‍ട്ട്മെന്റ് ക്യാമ്പസില്‍ തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്. മതറില്‍ നിന്നുളള ബിജെപി എംഎല്‍എ കേസരിസിങ് സോളങ്കി സഞ്ജയ് പട്ടേലിനോട് പരാജയപ്പെട്ടു. 88 വോട്ടുകളില്‍ 47 ഉം നേടിക്കൊണ്ടായിരുന്നു സഞ്ജയിയുടെ വിജയം.

26 വോട്ടുകളാണ് സോളങ്കിക്ക് ലഭിച്ചത്. 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഞ്ജയക്കെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചത്.

ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ കാന്തി സോധ പാര്‍മര്‍ 41 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്രസിങ് പാര്‍മര്‍ ബോര്‍സാദില്‍ വിജയിച്ചു. 93-ല്‍ 93 വോട്ടും നേടിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. അമുല്‍ വൈസ് ചെയര്‍മാനാണ് രാജേന്ദ്രസിങ് പാര്‍മര്‍.

ഖംഭട്ടില്‍ നിന്ന് സിത പാര്‍മര്‍, പെട്ലാദില്‍ നിന്ന് വിപുല്‍ പട്ടേല്‍, കത്ലാലില്‍ നിന്ന് ഘേല സാല, ബാലസിനറില്‍ നിന്ന് രാജേഷ് പഥക്, മഹെംദാവാദില്‍ നിന്ന് ഗൗതം ചൗഹാന്‍ എന്നിവരാണ് കോണ്‍ഗ്രസ് പാനലിലെ മറ്റു വിജയികള്‍.

അമുല്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ 1,050 പേര്‍ക്കാണ് വോട്ടിംഗ് അവകാശമുള്ളത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 99.71 പേര്‍ വോട്ട് രേഖപ്പെടുത്തി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ 74കാരനായ വോട്ടര്‍ ആംബുലന്‍സിലെത്തി വോട്ടു ചെയ്തത് വാര്‍ത്തയായിരുന്നു.